അടൂർ – വീട്ടിൽ അതിക്രമിച്ചു കയറി ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും. മൂന്നാളും പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണു (ബൈജു-33) വിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് കഠിന തടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം അധിക തടവ് അനുഭവിക്കണം. 2022 ഓഗസ്റ്റ് ഒന്നിന് പുലർച്ചെ രണ്ടരയ്ക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അതിജീവിത താമസിച്ചിരുന്ന വാടകവീട്ടിലെ ബാത്റൂമിന്റെ ഓട് പൊളിച്ച് അകത്ത് കറിയ വിഷ്ണു ബെഡ്റൂമിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയുടെ മേൽ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളം വയ്ക്കുകയും വിഷ്ണു അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. എസ്.ഐ ആയിരുന്ന കെ.എസ്. ധന്യയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.


