മലദ്വാരത്തിലെ ക്യാൻസർ.. എങ്ങനെ തിരിച്ചറിയാം ?

Health
Print Friendly, PDF & Email

ക്യാൻസർ പലവിധത്തിൽ പല തീവ്രതകളിൽ വ്യക്തികളെ ബാധിക്കാറുണ്ട്. മിക്ക ക്യാൻസറുകളും സമയത്തിന് കണ്ടെത്താനായാൽ ഫലപ്രദമായ ചികിത്സയും തേടാൻ സാധിക്കുന്നതാണ്. എന്നാൽ ദൗർഭാഗ്യവശാൽ പലപ്പോഴും ക്യാൻസർ രോഗനിർണയത്തിന് താമസിക്കുകയും ചികിത്സ വൈകുകയും ചെയ്യുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാകുന്നു. മലദ്വാരത്തിലെ ക്യാൻസറിനെ കുറിച്ചാണ് ഇനി ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. മലദ്വാരത്തിൽ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസർ.

ഇത് സമയത്തിന് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ മറ്റിടങ്ങളിലേക്ക് പകരാനും രോഗം ഗുരുതരമാകാനുമെല്ലാം കാരണമാകുന്നു.
എന്നാൽ എങ്ങനെയാണ് മലദ്വാരത്തിലെ ക്യാൻസർ തിരിച്ചറിയാൻ സാധിക്കുക? ഇതിന് ചില ലക്ഷണങ്ങൾ കാണാൻ കഴിയും.
ഈ ലക്ഷണങ്ങൾ സംശയങ്ങളുയർത്തുന്നതോടെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് അടക്കമുള്ള നിർദേശങ്ങൾ തേടാൻ സാധിക്കും.

ടോയ്‍ലറ്റിൽ പോകുമ്പോൾ ശ്രദ്ധിക്കുക…

മലദ്വാരത്തിലെ ക്യാൻസറിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തിൽ നിന്നുള്ള ബ്ലീഡിംഗ് (രക്തസ്രാവം) ആണ്. ഇത് അധികവും ശ്രദ്ധിക്കാൻ സാധിക്കുക ടോയ്‍ലറ്റിൽ പോകുമ്പോഴാണ്. മലത്തിൽ രക്തം കാണുന്നതിലൂടെയോ ടോയ്‍ലറ്റ് സീറ്റിലോ ടോയ്‍ലറ്റ് പേപ്പറിലോ രക്തം കാണുന്നതിലൂടെയോ രോഗിക്ക് സംശയമുണ്ടാകാം.

എന്നാൽ മലത്തിൽ രക്തം കാണുന്നത് എപ്പോഴും ക്യാൻസർ തന്നെയാണെന്ന് സ്വയം ഉറപ്പിക്കരുത്. മറ്റ് പല അവസ്ഥകളിലും ഇങ്ങനെയുണ്ടാകാം എന്നതിനാൽ പരിശോധന നിർബന്ധം. അതുപോലെ തന്നെ മലദ്വാരത്തിൽ ക്യാൻസറുണ്ടെങ്കിൽ മലത്തിൻറെ ഘടനയിലും വ്യത്യാസം കാണാം. കൂടുതൽ ലൂസായ പ്രകൃതം, ചെറിയ ഭാഗങ്ങളായി പോകുന്നത് എല്ലാം ശ്രദ്ധിക്കുക.

അതുപോലെ തന്നെ ടോയ്‍ലറ്റിൽ പോകാൻ തോന്നുമ്പോഴേക്ക് അത് നിയന്ത്രിച്ചുനിർത്താൻ സാധിക്കാത്ത അവസ്ഥ വരിക, അതുപോലെ കൊഴുത്ത ദ്രാവകം മലദ്വാരത്തിൽ നിന്ന് വരിക – ഇതെല്ലാം ശ്രദ്ധിക്കുക. ഓർക്കുക- ഏത് തരം ലക്ഷണമായാലും അത് മെഡിക്കലി സ്ഥിരീകരിക്കാതെ രോഗം സ്വയം ഉറപ്പിക്കരുത്. മാനസികമായി ആരോഗ്യകരമായ രീതിയിൽ വേണം ശരീരത്തിൽ കാണുന്ന ഇത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാൻ.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
മേൽപ്പറഞ്ഞത് പോലുള്ള ലക്ഷണങ്ങൾ തുടർച്ചയായി കാണുന്നപക്ഷം കാത്തിരിക്കാത തന്നെ ഡോക്ടറെ കാണുക.
ചിലപ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ, പൈൽസ് ഇങ്ങനെയുള്ള രോഗങ്ങളെല്ലാമാകാം നിങ്ങളെ അലട്ടുന്നത്.
അത് എന്തുതന്നെ ആയാലും കണ്ടെത്താൻ ഡോക്ടറുടെ നിർദേശപ്രകാരമുള്ള പരിശോധനകൾക്ക് തന്നെ വിധേയരാവുക.
ക്യാൻസറാണെന്ന് കണ്ടെത്തിയാൽ ആത്മവിശ്വാസത്തോടെ ചികിത്സയിലേക്ക് നീങ്ങുക. കാരണം ഫലപ്രദമായ ചികിത്സ ഇന്ന് ഇതിന് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *