ശൗചാലയം ചോദിച്ച യുവതിക്ക് ഒരു വീട് തന്നെ നിർമ്മിച്ചു നൽകി കാരുണ്യത്തിൻെറ മാതൃകയാവുകയാണ് “ഫേസ് ഓഫ് തിരുവല്ല”

Kerala Pathanamthitta Special
Print Friendly, PDF & Email

തിരുവല്ല – “ഫേസ് ഓഫ് തിരുവല്ല” ( FOT ) എന്ന സോഷ്യൽമീഡിയയിൽ തുടങ്ങിയ കൂട്ടായ്മ ഇന്ന് സമൂഹത്തിലെ അശരണരുടെ കൈത്താങ്ങായി മാറുകയാണ്. ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീട്ടില്‍ കാറ്റിനെയും മഴയെയും ഭയക്കാതെ നിരാലംബരായ അമ്മയ്ക്കും മകള്‍ക്കും ഇനി സ്വസ്ഥമായി അന്തിയുറങ്ങാം. പാലിയേക്കര താഴ്ചയില്‍ കണ്ടത്തില്‍ വീട്ടില്‍ വിജയമ്മക്കും മകള്‍ ചിത്രയ്ക്കും ആണ് ഫേസ് ഓഫ് തിരുവല്ല വീട് നിര്‍മ്മിച്ചു നല്‍കിയത്. പണി പാതി പൂര്‍ത്തിയാക്കിയ വീട് 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്നതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ വിജയമ്മയുംമകള്‍ ചിത്ര(24)യും ഏറെ ഭയാശങ്കയോടെയാണ് കഴിഞ്ഞിരുന്നത്.

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഇഴ ജന്തുക്കളുടെ ശല്യം ഏറിയതോടെ മകള്‍ ചിത്ര ആണ് തങ്ങളുടെ വീടിന്റെ ദുരവസ്ഥ ഫേസ് ഓഫ് തിരുവല്ല ഫേസ്ബുക്ക് പേജിലൂടെ പുറംലോകത്തെ അറിയിച്ചത്. അടച്ചുറപ്പുള്ള ഒരു ശൗചാലയം നിര്‍മ്മിച്ച് നല്‍കുമോ എന്നതായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അഭ്യര്‍ത്ഥന. ഇത് ശ്രദ്ധയില്‍പ്പെട്ട ഫേസ് ഓഫ് തിരുവല്ലയുടെ സംഘാടകരില്‍ പ്രധാനിയും വിദേശ മലയാളിയുമായ നിബു മാരേട്ട് വീട് നവീകരിച്ച് നല്‍കാന്‍ മുന്നിട്ട് ഇറങ്ങുകയായിരുന്നു. കൂട്ടായ്മയുടെ ശ്രമഫലമായി നവീകരിച്ച വീടിന്റെ താക്കോല്‍ ദാന കര്‍മ്മം ഞായറാഴ്ച വൈകിട്ട് നാലിന് നടന്ന ചടങ്ങില്‍ ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷന്‍ പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പന്‍ മാപ്പിള നിര്‍വ്വഹിച്ചു.

ഫൗണ്ടേഷന്‍ സെക്രട്ടറി സിബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ശീതള്‍ , നഗരസഭ കൗണ്‍സിലര്‍ റീന വിശാല്‍, ജോയ് ആലുക്കാസ് മാള്‍ മാനേജര്‍ ഷെല്‍ട്ടണ്‍ വി. റാഫെല്‍, ഫൗണ്ടേഷന്‍ ഭാരവാഹികളായ രാഹുല്‍ മോഹന്‍ദാസ്, വിന്‍സെന്റ്, ജിഷ മേരിദാസ്, ബിന്ദു ബിനു, അരുണ്‍ കണ്ണന്‍, ജെഫിന്‍ ജോര്‍ജ്, ലിബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *