പി.സിയുടെ സ്ഥാനാർത്ഥിത്വം : നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച ശ്യാം തട്ടയിലിനെ ബിജെപി പുറത്താക്കി

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – പി.സി. ജോർജിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലുടെ ബിജെപി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിർദേശപ്രകാരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് ആണ് ശ്യാമിനെ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന – ജില്ലാ നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

പി.സിക്ക് സീറ്റ് ലഭിക്കില്ലെന്ന് മുൻകൂട്ടി അറിഞ്ഞ് ശ്യാം രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തിയിരുന്നു. പത്തനംതിട്ടയിൽ പി.സിയെ പരിഗണിക്കാൻ നിങ്ങൾക്ക് തടസമെന്തെന്നായിരുന്നു ശ്യാം പിസി ജോർജിന്റെ ചിത്രം സഹിതം എഫ്ബിയിൽ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശ്യാം താൻ നേതൃത്വത്തിൽ നിന്ന് ഒഴിയുകയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെ:

ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന ജില്ലാ ചുമതലയിലിരുന്ന് വ്യക്തി പരമായ അഭിപ്രവയങ്ങൾ രേഖപ്പെടുത്താൻ പാടില്ല എന്ന സംഘടന അച്ചടക്കം പാലിക്കാതെ പൊതു ഇടത്തിൽ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയത് ഡിലീറ്റ് ചെയ്ത് തെറ്റ് തിരുത്തുന്നു. ഒപ്പം ഇത്തരത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം ചെയ്തിട്ട് സംഘടന നിശ്ചയിച്ച പാർട്ടി ചുമതലയിൽ തുടരാൻ അർഹനല്ലാത്തതിനാൽ സ്വയം ഒഴിവാകുന്നു.

ഒപ്പം എൻഡിഎ ദേശീയ നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പാർട്ടിക്കൊപ്പം അടിയുറച്ച് ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്നും കൂടാതെ എന്റെ ഈ പോസ്റ്റ് നിമിത്തം സഹപ്രവർത്തകരിൽ ഏതെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിക്കുന്നു.

ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ശ്യാം വീണ്ടും സോഷ്യൽ മീഡിയയിൽ അഭിപ്രായവുമായി വന്നു. ഞായറാഴ്ച ഉച്ചയ്ക്ക് എഫ്ബി ലൈവിൽ വന്ന് ജോർജിന് വേണ്ടി സംസാരിച്ചിരുന്നു. പിന്നാലെ നേതൃത്വത്തെ വിമർശിച്ച് വീണ്ടും പോസ്റ്റിട്ടു. അതിങ്ങനെ:

ജനതയുടെ ആഗ്രഹവും ആവശ്യവും തിരിച്ചറിയാൻ… പ്രസ്ഥാനമേ നിങ്ങൾ എല്ലാവരെയും ഫോണിൽ വിളിച്ചില്ലേ…? നിങ്ങൾ സർവേ നടത്തിയില്ലേ?
എല്ലായിടത്തും ഉയർന്ന ശബ്ദം പി സി ജോർജിനൊപ്പമായിരുന്നു സാർ എന്നിട്ടും ഇല്ലാന്നത് നിങ്ങൾ പറയുമായിരിക്കും…?
പക്ഷേ അനിൽ ആന്റണി എന്ന ഈ കൂതറയുടെ പേര് അരും സ്വപ്നത്തിൽ പോലും പറഞ്ഞില്ല പിന്നെ പാവം മോദി നിശ്ചയിച്ചു എന്ന തള്ള് മറ്റേടത്ത് പറഞ്ഞാൽ മതി. ബാക്കി എല്ലായിടത്തും മോദിയല്ല നിശ്ചയിച്ചത്. പാർട്ടി സംസഥാന നേതൃത്വം തന്നെയാണ് പക്ഷേ അവിടുത്തെ പൊതു സ്വീകാര്യത ഉൾക്കൊണ്ടു.പക്ഷേ ഇവിടെ അയ്യന്റെ നാട്ടിൽ പത്തനംതിട്ടയിൽ ജില്ലാ നേതൃത്വം ആര് നിന്നാൽ എന്താ, എവിടാ നിന്നാൽ എന്താ, ഇവിടെ ജയിക്കില്ല എന്ന പടുപാഴുകൾ തൃശൂരെപ്പോലെ രണ്ട് വർഷം മുൻപേ മുതൽ ആരെയും ഉയർത്തിക്കാട്ടിയില്ല അല്ലെങ്കിൽ പൊട്ടനായ പ്രസിഡന്റ് സൂരജിന് ഇങ്ങനൊരു ചിന്തയുമില്ല. ഇനി ആരെങ്കിലും പറഞ്ഞാൽ കേൾക്കത്തുമില്ല പിന്നെ എന്ത് എം പി ആരുടെ എം പി കാട്ടുകള്ളൻ ആന്റോ ആന്റണിക്ക് എതിരെ ഒരു സമരം പോലും നടത്താതെ കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് തട്ടാൻ അവസരം കൊടുത്തത് എല്ലാം കച്ചോടമല്ലാതെ എന്താണ് സാർ…?
എല്ലാം പച്ചയ്ക്ക് പത്ര സമ്മേളനത്തിൽ തെളിവ് സഹിതം പറയും എല്ലാരും കേട്ടാട്ടെ.

ജില്ലാ പ്രസിഡന്റിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ശ്യാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ പ്രസ്താവന വന്നത്.

Leave a Reply

Your email address will not be published. Required fields are marked *