തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
26 ന് പത്തനംതിട്ട ജില്ലയിലും 27 ന് എറണാകുളം ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 24 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2023 ഏപ്രിൽ 28 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യത ഇല്ലതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ലെങ്കിലും വരും ദിവസങ്ങളിൽ ഇവിടേക്കും മഴ എത്തുമെന്നും മുന്നറിയിപ്പിലുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


