കോഴിക്കോട് – നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് ഇന്ന് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായാണ് ആദ്യത്തെ കൂടിക്കാഴ്ച നടന്നത് . 20ന് തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ യുവജനങ്ങളുമായി രണ്ടാമത്തെ മുഖാമുഖം പരിപാടി നടക്കും.
വനിതകളുമായുള്ള കൂടിക്കാഴ്ച എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ 22നാണ്. 24ന് ദളിത്, ആദിവാസി വിഭാഗങ്ങളുമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 25ന് സാംസ്കാരിക രംഗത്തുള്ളവരുമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിലും 26ന് ഭിന്നശേഷി വിഭാഗങ്ങളുമായി തിരുവനന്തപുരം ആർഡിആർ കൺവെൻഷൻ സെന്ററിലും മുഖാമുഖം നടക്കും.
പെൻഷൻകാർ, വയോജനങ്ങൾ എന്നിവരുമായി 27ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് മുഖാമുഖം. തൊഴിൽ മേഖലയിലുള്ളവരുമായി 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലും കാർഷിക മേഖലയിലുള്ളവരുമായി മാർച്ച് രണ്ടിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിലും റസിഡന്റ്സ് അസോസിയേഷനുകളുമായി മാർച്ച് മൂന്നിന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും മുഖാമുഖം പരിപാടി നടക്കും.


