പത്തനംതിട്ട – ഇൻക്ലൂസീവ് കായികോത്സവം പൊതുധാരാ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന് ജില്ലാ കളക്ടർ എ.ഷിബു പറഞ്ഞു. ഇൻക്ലൂസീവ് കായികോത്സവം അത്ലറ്റിക്സ് മത്സരം കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. ഭിന്നശേഷികുട്ടികൾക്ക് മനോബലം നൽകുന്നതിനും തെറാപ്പി എന്ന നിലയിലും സംഘടിപ്പിച്ച കായികോത്സവം പൊതുധാരാ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മികച്ച അവസരമാണ് നൽകുന്നത്. കുട്ടികൾക്ക് അവരവരുടെ കഴിവുകൾക്കനുസരിച്ച് ഏത് മത്സരത്തിലും പങ്കെടുക്കാം. മനോബലംകൊണ്ട് തങ്ങളുടെ പരിമിതികളെ കുട്ടികൾ പരാജയപ്പെടുത്തുന്ന കാഴ്ച്ചയാണ് കായിക പരിപാടികളിൽ കാണാൻ കഴിഞ്ഞതെന്നും കളക്ടർ പറഞ്ഞു.
ജർമ്മനിയിലെ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മെറിൻ, ബ്ലസി ബിജു എന്നിവർ ദീപശിഖ തെളിച്ചു. കടമാൻകുളം എം ജി എം ശാന്തി ഭവനിലെ ഭിന്ന ശേഷിക്കാരായകുട്ടികൾ നയിച്ച ബാൻഡ് മേളം മാർച്ച് ഫാസ്റ്റ് പരിപാടിയിൽ ശ്രദ്ധേയമാക്കി.ഭിന്നശേഷിക്കാർക്ക്ആത്മവീര്യം നൽകുന്നതിനും ഒരുതെറാപ്പി എന്ന നിലയിലുമാണ് മേള സംഘടിപ്പിച്ചത്. പരസ്പരം മത്സരിക്കുമ്പോഴും ഓരോകുട്ടിയും പരാജയപ്പെടുത്തിയത് തങ്ങളുടെ ശാരീരിക വെല്ലുവിളികളാണ്.ഉദ്ഘാടന ചടങ്ങിൽ ജർമ്മനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ബാസ്കറ്റ്ബോളിൽ അഞ്ചാംസ്ഥാനം നേടിയ മെറിൻ, വോളിബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടിയ ബ്ലസി ബിജു, സംസ്ഥാന കായികമേളയിൽ നൂറ്മീറ്ററിൽ സ്വർണം നേടിയ കോഴഞ്ചേരി ബി ആർ സിയിലെ ശിവ ശങ്കരൻ, സംസ്ഥാന ഹോക്കിടീമിലേക് സെലെക്ഷൻ നേടിയ മല്ലപ്പള്ളി ബി ആർ സിയിലെ ശ്യാം എന്നിവരെ ആദരിച്ചു.

ഭിന്നശേഷികുട്ടികൾക്ക് ആത്മവീര്യമേകി ഒരുമാസമായി നടന്നുവരുന്ന ഇൻക്ലൂസീവ് കായികോത്സവം കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന അത്ലറ്റിക്സ് മത്സരത്തോടെ സമാപിക്കും. അത് ലറ്റിക്സ് മേളയിൽ ജില്ലയിലെ പതിനൊന്ന് ബിആർസികളിൽ നിന്നായി മുന്നൂറിലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട നേതൃത്വം നൽകുന്ന ഇൻക്ലൂസീവ് കായികോത്സവം ജനുവരി 19 നാണ് ആരംഭിച്ചത്. റാന്നി എംഎസ്എച്ച് എസ്എസ്സിൽവച്ച് ക്രിക്കറ്റ് ടൂർണമെന്റും അടൂർ റെഡ്മെഡോ ടർഫിൽ ഫുട്ബോൾമത്സരവും നടന്നു. ബാഡ്മിന്റൺ, ഹാൻഡ് ബോൾ എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായ ചടങ്ങിൽ പറക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ള, കൊടുമൺഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ശ്രീധരൻ, ജില്ലാശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അജിത്കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.രാജു, സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോക്ടർ ലെജു പി തോമസ്, കൊടുമൺ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എ ജി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.


