മലപ്പുറം – കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ നാട്ടിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് പുതിയൊരു താരോദയം. കളിച്ചു ഗോളടിച്ച് ഇന്ത്യൻ ടീമിൽ ഇടം നേടിയ പെരിന്തൽമണ്ണക്കാരൻ ഒസാമയാണ് ഇപ്പോൾ നാട്ടുകാരുടെ താരം .കൊൽക്കത്തയിൽ നടന്ന ദേശീയ ജൂനിയർ നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഗോവയ്ക്കെതിരെ മുഹമ്മദ് ഒസാമ നേടിയത് രണ്ടു തകർപ്പൻ ഗോളുകൾ. ഇതിലൂടെ ജൂനിയർ നയൻസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഒസാമ ഇടം പിടിക്കുകയായിരുന്നു. ജൂനിയർ ടീം സെലക്ഷൻ ടീമിൽ പങ്കെടുത്ത ഒസാമയെ കേരള ടീമിലേയ്ക്കും
തിരഞ്ഞെടുത്തിരുന്നു.
ഡിസംബറിൽ നേപ്പാളിലാണ് അടുത്ത കളി. ഇതിനുവേണ്ട പരിശീലനത്തിലാണ് ഒസാമയിപ്പോൾ. മാതാവ് നഗരസഭാ കൗൺസിലറായ നിഷയാണ്. പിതാവ് പച്ചിരി സുബൈർ. സദ്ദാം സഹോദരനാണ്. ഒസാമയ്ക്ക് കുടുംബത്തിൽ നിന്നും നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
പെരിന്തൽമണ്ണ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഒസാമ. ഒയാസിസ് ഫുട്ബോൾ അക്കാദമിയിലാണ് പരിശീലനം നേടിയിരുന്നത്. പരിശീലകരായ രാജഗോപാലും ശിവഷൺമുഖനും കൂടെയുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒസാമ.


