മല്ലപ്പള്ളി: നാടു മുഴുവൻ നടന്ന് പണം കടം വാങ്ങി മൊബൈൽ ഫോണും ഓഫ് ചെയ്ത് മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം പൊലീസ് ഗുജറാത്തിൽ നിന്ന് കണ്ടെത്തി. കോട്ടാങ്ങൽ പാടിമൺ കോലമല വീട്ടിൽ സാജൻ തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ് ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയായ രാധൻപൂരിൽ കണ്ടെത്തി നാട്ടിലെത്തിച്ചത്.
നാട്ടിൽ നിരവധിയാളുകളിൽ നിന്നും പണം കടം വാങ്ങുകയും തിരികെ നൽകാതെ ഒളിവിൽ പോകുകയുമായിരുന്നു. വീട്ടുകാർ ഇയാളെ കാണാതായതായി പെരുമ്പെട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ജില്ലാ പോലീസ് മേധാവി മുഖേന അവിടുത്തെ
പോലീസുമായി ബന്ധപ്പെടുകയും തുടർന്ന് ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയായ രാധൻ പൂരിൽ കണ്ടെത്തുകയുമായിരുന്നു. യുവാവ് ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലിസ് ഇൻപെക്ടർ എം ആർ സുരേഷിന്റെ നിർദ്ദേശാനുസരണം എസ് ഐ സുമേഷ്, സി പി ഓമാരായ അജീഷ് കുമാർ, സുനിൽ കുമാർ എന്നിവരുടെ സംഘം രാധൻപൂരിലെത്തി പിടികൂടി.
ഇയാളെ പിടികൂടിയതറിഞ്ഞ് പണം തിരികെ കിട്ടാത്തവരുടെ പരാതികൾ പെരുമ്പെട്ടി പോലിസ് സ്‌റ്റേഷനിൽ ലഭിക്കുന്നുണ്ട്. പരാതികളിൽ തുടർ
നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും, അയാൾക്ക് കൈമാറിയിട്ടുണ്ടെന്നും സുഹൃത്തുമായി പങ്കു കച്ചവടം നടത്തിയിരുന്നുവെന്നും സാജൻ തോമസ് പോലീസിനോട് പറഞ്ഞു. ഇതിനെ പറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി.


