ഇൻഡ്യ മുന്നണിയിൽ പ്രധാനമന്ത്രിയാകാൻ ഒരുപാട് നേതാക്കൾ !!

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – ഇന്നലെ ചേർന്ന ഇൻഡ്യ മുന്നണി യോഗം അവസാനിച്ചപ്പോൾ തെളിയുന്നത് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിൽ നിന്നൊരാൾ വരുന്നതിലുള്ള അതൃപ്തി നേതാക്കൾ പ്രകടമാക്കി എന്നുള്ളതാണ്. മല്ലികാർജുൻ ഖാർഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവണമെന്ന് യോഗത്തിൽ നേതാക്കളിൽ നിന്ന് ആവശ്യമുയർന്നു. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയും ആപ് അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും ആണ് ഖാർഗെയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. മറ്റ് പാർട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണക്കുകയായിരുന്നു. ജയിച്ചാൽ പ്രധാനമത്രിയാകാൻ പലരും തയ്യാറെടുക്കുന്നു എന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു പ്രധാന ചർച്ച. ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത പല നേതാക്കളും ആവശ്യപ്പെട്ടു. ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ യോഗത്തിൽ ആരും എതിർത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷൻ വൈക്കോയും മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി യോഗത്തിൽ 28 പാർട്ടികൾ പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു. പാർലമെന്റിലെ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെൻഷനിൽ മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി അല്ലെങ്കിൽ ആഭ്യന്തര മന്ത്രി പാർലമെന്റിൽ സുരക്ഷ വീഴ്ച വിശദീകരിക്കണം. തിരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതിൽ തീരുമാനം പിന്നീടെടുക്കും. ശ്രദ്ധ തിരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി നേരിടുന്നതിലുമാണെന്നും ഖാർഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *