ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു ; പക്ഷെ പരിഹാരമാകുമോ എന്ന് കണ്ടറിയണം

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 കുറച്ചു, നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്.

എന്നാൽ ഇതെത്രമാത്രം പ്രായോഗികമായി തിരക്ക് നിയന്ത്രിക്കാൻ പര്യാപ്തമാകു എന്ന് കണ്ടറിയണം. കാനനപാതകൾ സജീവമായതോടെ വെർച്ച്വൽ ബുക്കിംഗ് ഒന്നുമില്ലാതെ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പന്മാർ നിരവധി എന്നല്ല പതിനായിരക്കണക്കിനാണ്.

നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ ,പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

ഈ പറയുന്നതെല്ലാം അയ്യപ്പ ദർശനത്തിനായി മണിക്കൂറുകൾ ക്യൂ നിൽക്കുന്ന ഭക്തർക്ക് എങ്ങനെ സാദ്ധ്യമാകും എന്നുകൂടി മന്ത്രി വിശദമാക്കണം ? ഉറക്കമിളച്ചു മല ചവുട്ടി, മരക്കൂട്ടത്തേക്ക് എത്തുന്ന ഭക്തർ പിന്നീട് 12 മണിക്കൂർ വരെ നീളുന്ന ക്യൂ . അതിനുശേഷം ഫ്‌ളൈഓവർ എന്ന നരകത്തിൽ പിന്നെയും മണിക്കൂറുകളുടെ ക്യൂ. വിഐപികളാകട്ടെ ഈ അയ്യപ്പന്മാർക്ക് മുന്നിലോടെ തന്നെ സുഗമമായ ദർശനവും, അവരുടെ പൂജകൾക്കായി ഫ്ളൈഓവറിലെ അയ്യപ്പന്മാർ തടഞ്ഞു വെക്കലും. ക്ഷമ എന്നത് തകരുന്നത് എപ്പോഴാണെന്ന് അറിയില്ല !!

സർക്കാർ പറയുന്നു ബാത്ത് റൂം, ടോയിലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്ലറ്റുകൾ എന്നിവ തീർത്ഥാടകർ എത്തുന്ന ഇടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു എന്ന് . ഈ പറയുന്ന ഒന്നിലും ആ പരിസരത്ത് പോലും പോകാൻ പറ്റാത്ത ദുർഗന്ധവും വൃത്തിഹീനവും. ഇനി പോട്ടെ ക്യൂ വിൽ നിൽക്കുന്ന ഭക്തർ എങ്ങനെ ഇവിടൊക്കെ പോകുമെന്നും അറിയിക്കണം. പ്രത്യേകിച്ച് ഫ്‌ളൈ ഓവർ എന്ന നരകത്തിൽ അയ്യപ്പനെ കാണാൻ നിൽക്കുന്നവർ . ?

എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട് എന്ന് സർക്കാർ . പക്ഷെ സന്നിധാനത്ത് ക്ഷേത്രത്തിനു സമീപമല്ലാതെ ഇങ്ങനെ ഒരു വിതരണം ഇല്ല. അവിടെയും ഏതോ സന്നദ്ധ സംഘടനാ പ്രവർത്തകർ ആണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നു എന്ന് സർക്കാർ . ഭക്തർക്കായി മൂന്നു നേരവും അന്നദാനവും നൽകി വരുന്നു.സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ട് എല്ലാ തരത്തിലും അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകികൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കി.

സർക്കാർ പറയുന്നതെല്ലാം സത്യമാണോ എന്ന് ശബരിമലക്ക് പോകുന്ന അയ്യപ്പന്മാർക്കറിയാം. നിങ്ങളും പ്രതികരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *