ചെന്നൈ – ഏറെനാളുകളായി ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് വിശ്രമിക്കുന്ന നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു..
കുറച്ചു വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് പോലും ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരാധകരും പാർട്ടി അണികളും ആശങ്കയിലാണ്.


