തിരുവനന്തപുരം – വിഖ്യാത ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മൽസരവിഭാഗത്തിന്റെ ജൂറി ചെയർപേഴ്‌സൺ ആയി പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ നാല് പുരസ്‌കാരങ്ങൾ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉൾപ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങൾ കാൻ മേളയിൽനിന്ന് തന്നെ നേടിയ അപൂർവം സംവിധായകരിലൊരാളാണ് റസൂലോഫ്. ബെർലിൻ മേളയിലെ ഗോൾഡൻ ബെയർ, ഗോവ ചലച്ചിത്രമേളയിലെ സുവർണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സിൽവർ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ റസൂലോഫിനെ 2025ൽ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി ടൈം മാഗസിൻ തെരഞ്ഞെടുത്തിട്ടുണ്ട്.
സ്വതന്ത്രമായ ചലച്ചിത്രപ്രവർത്തനത്തിന്റെ പേരിൽ ഇറാൻ ഭരണകൂടത്തിന്റെ സെൻസർഷിപ്പിനും ശിക്ഷാവിധികൾക്കും ഇരയായ റസൂലോഫ് രാജ്യഭ്രഷ്ടനായി നിലവിൽ ജർമനിയിലാണ് കഴിയുന്നത്. ഇതുവരെ അഞ്ച് ഫീച്ചർ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നുപോലും ഇറാനിൽ പ്രദർശിപ്പിക്കാനായിട്ടില്ല. 2010ൽ ജാഫർ പനാഹിയോടൊപ്പം ഒരു സിനിമ ചിത്രീകരിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും ആറു വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ കാൻമേളയുടെ മൽസരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എട്ടുവർഷം തടവും ചാട്ടവാറടിയും പിഴയുമാണ് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ. ദ റ്റ്വിലൈറ്റ്, അയേൺ ഐലൻഡ്, എ മാൻ ഓഫ് ഇന്റഗ്രിറ്റി, ദെർ ഈസ് നോ ഇവിൾ’ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.
വിഖ്യാത സ്പാനിഷ് നടി ആൻഗെലാ മോലിന, വിയറ്റ്‌നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയൻ, മലേഷ്യൻ സംവിധായകനായ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ് ഇന്ത്യൻ സംവിധായിക സന്ധ്യ സൂരി എന്നിവരാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മറ്റ് അംഗങ്ങൾ. ബുസാൻ, ഷാങ്ഹായ് മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ സിനിമകളുടെ സംവിധായകനാണ് ബുയി താക് ചുയൻ. വെനീസ്, കാൻ, ലൊകാർണോ, ടൊറൻേറാ മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനാണ് എഡ്മണ്ട് ഇയോ. പെദ്രോ അൽമോദോവർ, ലൂയി ബുനുവൽ, കാർലോസ് സോറ, മാർക്കോ ബെല്‌ളോക്യോ തുടങ്ങിയ ചലച്ചിത്രാചാര്യന്മാരുടെ സിനിമകളിൽ വേഷമിട്ട, അരനൂറ്റാണ്ടുകാലമായി അഭിനയരംഗത്തുള്ള മുതിർന്ന നടിയാണ് ആൻഗെലാ മോലിന. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സന്ധ്യ സൂരിയുടെ ആദ്യ ഫീച്ചർ സിനിമയായ ‘സന്തോഷ്’ കഴിഞ്ഞ വർഷം കാൻ ചലച്ചിത്രമേളയിലെ ഔദ്യോഗിക വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു ഈ ചിത്രം.
എഴുത്തുകാരനും പ്രസാധകനും ഫിലിം പ്രോഗ്രാമറുമായ ക്രിസ്റ്റഫർ സ്‌മോൾ, ഫിലിം, ടി.വി, പോപ് കൾച്ചർ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാർ, ചലച്ചിത്രനിരൂപകയും കവിയും വിവർത്തകയുമായ അപരാജിത പൂജാരി എന്നിവരാണ് ഫിപ്രസ്‌കി ജൂറി അംഗങ്ങൾ.
സംവിധായകനും എഡിറ്ററും സൗണ്ട് എഞ്ചിനിയറുമായ ഉപാലി ഗാംലത്, സംവിധായികയും നിർമ്മാതാവുമായ സുപ്രിയ സൂരി, ചലച്ചിത്രനിരൂപകയും സാംസ്‌കാരിക വിമർശകയുമായ ഇഷിത സെൻഗുപ്ത എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങൾ.
തമിഴ് സംവിധായകൻ കെ.ഹരിഹരനാണ് കെ.ആർ. മോഹനൻ അവാർഡിന്റെ ജൂറി ചെയർപേഴ്‌സൺ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ അദ്ദേഹം എട്ട് ഫീച്ചർ സിനിമകളും 350 ഓളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രനിരൂപകയും വിവർത്തകയുമായ ലതിക പഡ്‌ഗോൻകർ, നടിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.


