കള്ളനൊളിക്കാൻ സുരക്ഷിത താവളം പൊലീസ് സ്‌റ്റേഷന് പിന്നിൽ തന്നെയുണ്ട് :

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗര മദ്ധ്യത്തില്‍ത്തന്നെ കള്ളന്മാര്‍ക്ക് ഒളിച്ചിരിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ അത് പൊലീസ് സ്‌റ്റേഷന് തൊട്ടടുത്ത് എന്നാണ് മറുപടി. ഇവിടെ ഇരുന്നാല്‍ രണ്ടുണ്ട് കാര്യം. പോലീസിന്റെ നീക്കങ്ങള്‍ നേരില്‍ കാണാം, പിന്നെ പോലീസ് ഇവിടേക്ക് തിരക്കി വന്നേക്കില്ല എന്നുള്ളതുമാണ്. പോലീസ് സ്‌റ്റേഷന് പിന്നില്‍ അരയേക്കര്‍ ഭൂമിയാണ് ഉപയോഗമില്ലാതെ കാടുപിടിച്ചിട്ട് വര്‍ഷങ്ങളായി കിടക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് മേല്‍ക്കൂര നിലംപൊത്തിയ കെട്ടിടങ്ങള്‍. ക്ഷുദ്രജീവികളുടെയും വിഷപ്പാമ്പുകളുടെയും താവളമാണ്.

ഭിത്തികളില്‍ വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നു നില്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ പ്രേത സിനിമകളുടെ ലോക്കേഷന്‍ പോലെ തോന്നും. ട്രാഫിക് പോലീസ് സ്‌റ്റേഷനും വിശ്രമ മുറികളും വെല്‍ഫയര്‍ സൊസൈറ്റിയുമാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്. എന്നാൽ കെട്ടിടം പൊളിഞ്ഞു തുടങ്ങിയപ്പോള്‍ ട്രാഫിക് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിന് മുന്നിലേക്ക് മാറ്റി. സൊസൈറ്റി എസ്.പി ഓഫീസിന് സമീപത്തും പ്രവര്‍ത്തനം തുടങ്ങി. ഉപയോഗശൂന്യമായ സ്ഥലത്ത് തൊണ്ടിമുതലായി കൊണ്ടിട്ട വാഹനങ്ങളും മറ്റുസാധനങ്ങളും നിറഞ്ഞു. രാത്രികാലങ്ങളില്‍ ഇവിടെ മദ്യപാനികള്‍ താവളമാക്കിയപ്പോള്‍ അവിടം ഷീറ്റ് കൊണ്ട് മറച്ചുകെട്ടി സംരക്ഷിച്ചിട്ടുണ്ട്.

അതേസമയം സ്വന്തം ഭൂമി കാടുകയറി കിടന്നിട്ടും താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സില്ലാതെ ലോഡ്ജുകളില്‍ തങ്ങേണ്ട ഗതികേടിലാണ് പോലീസുകാര്‍. ജില്ലയ്ക്ക് പുറമേ നിന്നു വന്ന് ജോലി ചെയ്യുന്ന പൊലീസുകാര്‍ പത്തനംതിട്ടയില്‍ ഒട്ടേറെയുണ്ട്. ഇവരില്‍ മിക്കവരും വാടക വീടുകളിലും ലോഡ്ജുകളിലുമാണ് താമസിക്കുന്നത്. ജില്ലാ പോലീസ് ചീഫിന് കുടുംബസമേതം താമസിക്കാന്‍ കടമ്മനിട്ട റോഡില്‍ ക്യാമ്പ് ഹൗസുണ്ട്. എസ്.പി ഓഫീസിന് എതിര്‍വശത്ത് എ.ആര്‍ ക്യാമ്പിനടുത്ത് എസ്.ഐ റാങ്ക് മുതലള്ളവര്‍ക്ക് താമസിക്കാന്‍ നാല്‍പ്പതോളം ഫാമിലി ക്വാര്‍ട്ടേഴ്‌സുകളുണ്ട്.
കാടുകയറിയ സ്ഥലത്ത് പോലീസുകാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പത്തനംതിട്ട സ്‌റ്റേഷനില്‍ അടുത്തകാലത്ത് ജോലി ചെയ്തിട്ടുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉയര്‍ന്ന ഓഫീസര്‍മാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പോലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ പരിഗണനയിലാണിത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ക്വാര്‍ട്ടേഴ്‌സ് പദ്ധതി വൈകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *