മല്ലപ്പള്ളി: കർഷകരോടുള്ള സർക്കാരിൻ്റെ നയം അവസാനിപ്പിക്കണമെന്നും കാർഷിക മേഖല ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില ലഭിക്കാതെ വരുന്നതും കൃഷിക്കാർക്ക് സർക്കാരിൽ നിന്നും ന്യായമായ സഹായങ്ങൾ ലഭിക്കാതെ വരുന്നതും കർഷകരെ കൃഷിയിൽ നിന്നും അകറ്റുന്നതിന് പ്രധാന കാരണമാണെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു കൊണ്ട് ‘ സംസാരിച്ചു. മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡൻ്റ് അഡ്വക്കറ്റ് പ്രസാദ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിദ്യാമോൾ എസ് താലൂക്കിൻ്റെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 കർഷകരെ ആദരിച്ചു. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ നാടിനു അഭിമാനമാണ് അവർ പറഞ്ഞു. മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ആർ പുഷ്കരൻ ,ടി.കെ. സജീവ്, വൈസ് പ്രസിഡൻ്റ് ചെറിയാൻ സ്കറിയാ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി,ബിജു പുറത്തൂടൻ, സൈസൈറ്റി മെമ്പർമാരായ ലളിത പി കുമാർ, സാജൻ ആബ്രഹാം, ഉണ്ണികൃഷ്ണൻ ജി എന്നിവർ പ്രസംഗിച്ചു. ഓണത്തിന് മലയാളികളുടെ പ്രധാന വിഭവമായ ഉപ്പേരിക്കു വേണ്ടിയുള്ള നാടൻ ഏത്തക്കുലകൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് മുൻകൂട്ടി അറിയിക്കുന്ന ആവശ്യക്കാർക്ക് മിതമായ നിരക്കിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സൊസൈറ്റി നടത്തിവരുന്നു.


