കുളനട – സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ് സർക്കാരിന്റേതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആറന്മുള, അടൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുമ്പമൺ താഴംമണ്ണാകടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം മണ്ണാകടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനസർക്കാർ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. മണ്ണാകടവ് പാലം യാഥാർഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളിൽ നിവാസികൾക്ക് ഗതാഗത സൗകര്യം കൂടുതൽ ഉപയോഗപ്രദമാകും. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കും. മണ്ഡലത്തിൽ മന്ത്രി വീണാ ജോർജ് നടത്തുന്ന വികസനപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
മണ്ണാകടവിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസാരിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന സർക്കാരാണ് സംസ്ഥാനസർക്കാർ. റോഡുകൾ, പാലങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്‌കൂളുകൾ, തൊഴിൽ, കുടിവെള്ളം തുടങ്ങി വിവിധ മേഖലകളിൽ സമഗ്രമായ വികസനമാണ് സർക്കാർ നടപ്പാക്കി വരുന്നത്. പാലത്തിന്റെ നിർമാണം പൂർത്തയാകുമ്പോൾ പാലത്തിനരികിലും പാലത്തിലും ഹൈമാസ്റ്റ് ലൈറ്റ് സജ്ജീക്കരിക്കുമെന്നും പ്രവൃത്തി പൂർത്തീകരിക്കുന്നതോടുകൂടി മണ്ണാകടവ് നിവാസികൾക്ക് പന്തളത്തേക്കും തുമ്പമൺ നിവാസികൾക്ക് മണ്ണാകടവ്, കുളനട ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ സുനിൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.28 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ പ്രധാന നദികളിൽ ഒന്നാണ് അച്ചൻകോവിലാർ. ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട ഗ്രാമപഞ്ചായത്തിലെയും അടൂർ നിയോജക മണ്ഡലത്തിലെ തുമ്പമൺ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ ആവശ്യമായിരുന്നു അച്ചൻകോവിലാറിന് കുറുകെ മണ്ണാകടവ് ഭാഗത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം.
84.8 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇതിൽ രണ്ട് സ്പാനുകൾ ജലത്തിലും രണ്ട് സ്പാനുകൾ കരയിലുമായി വിഭാവനം ചെയ്തിരിക്കുന്നു. ഇരുകരകളിലുമായി രണ്ട് അബട്ട്‌മെന്റുകളും മധ്യ ഭാഗത്തായി മൂന്ന് തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്‌വേയുടെ വീതി 4.25 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും ആറിന്റെ തീരസംരക്ഷണത്തിനായി ഗാബിയോൺ ഭിത്തിയും അനുബന്ധമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, കുളനട ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത്, കൊല്ലം ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജെ ബേസിൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


