നാരങ്ങാനത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം : എന്തുചെയ്യണമെന്നറിയാതെ കർഷകർ

Kerala Pathanamthitta
Print Friendly, PDF & Email

നാരങ്ങാനം: കാട്ടുപന്നിക്കൂട്ടം അവശേഷിക്കുന്ന കൃഷിയും നശിപ്പിച്ച് മുന്നോട്ട്. എന്തു ചെയ്യണമെന്നറിയാതെ കർഷകർ. ഒന്നും ചെയ്യാൻ കഴിയാതെ അധികാരികൾ. കാര്യം കൈവിട്ടു പോകുകയാണ്. കൃഷിയുടെ അവസാന വിത്തും ചവിട്ടിയരച്ച് പന്നികൾ പായുമ്പോൾ കൃഷി ഉപജീവനമാക്കിയ കർഷകരുടെ വീടുകളിൽ കണ്ണീര് വീഴുന്നു. നിയമത്തിന്റെ കാർക്കശ്യം കുറച്ച് കർഷകരുടെ ഭാഗത്ത് നിൽക്കാൻ അധികാരികൾക്ക് കഴിയുന്നുമില്ല. പന്നിയുടെ ആക്രമണത്തിൽ യുവാവ് മരിച്ചിട്ട് പോലും പ്രതിരോധിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. വ്യാപാരികളും കർഷകരും ചേർന്ന് സമരം സംഘടിപ്പിച്ചു. തുടർ സമരങ്ങൾക്ക് ആലോചനയും നടക്കുന്നു.

അധികാരികളുടെ കണ്ടില്ലെന്നുള്ള ഭാവം പ്രശ്‌നം അതിരൂക്ഷമാക്കുകയാണ്. ഇരുട്ടായാൽ ഇടവഴികൾ എല്ലാം പന്നിക്കൂട്ടങ്ങളാണ്. കാട്ടുപന്നിയുടെ ശല്യം വർദ്ധിച്ചതോടെ സ്ഥിരം ഷൂട്ടർമാരെ മുഴുവൻ സമയവും സേവനം ലഭിക്കുന്ന തരത്തിൽ നിയമിക്കണമെന്നാണ് വ്യാപാരികളും കർഷകരും പ്രധാനമായും ആവശ്യപ്പെടുന്നത്.

കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നീ കിഴങ്ങുവർഗങ്ങളാണ് കൂടുതലായി നശിപ്പിച്ചു കൊണ്ടിരുന്നത്. കർഷകർ കൃഷി പൂർണമായും നിർത്തി. ഇതോടെ പന്നികൾ കൂട്ടത്തോടെ പാടത്തേക്ക് ഇറങ്ങി തുടങ്ങി. കഴിഞ്ഞ രാത്രി പുന്നോൺ പാടശേഖരത്തിലിറങ്ങിയ പന്നികൾ നെൽകൃഷിയും വരമ്പുകളും കുത്തിയിളക്കി നശിപ്പിച്ചു. ആലുങ്കൽ മണ്ണാറത്തറ രാജപ്പൻ നായരുടെ 150 മൂട് കപ്പ കഴിഞ്ഞ രാത്രി പന്നി നശിപ്പിച്ചു. 70 വർഷമായി 30 കർഷകർ ചേർന്ന് ഗ്രൂപ്പ് ഫാമിങ് നടത്തുന്ന പുന്നോൺ പാടശേഖരത്തിലെ 70 ഏക്കറോളം വരുന്ന കൃഷി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി രാജുവർഗീസ് അറിയിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിയല്ലാതെ മറ്റ് ഉപജീവനമാർഗമില്ല. വിളവെടുക്കാറായ കപ്പയാണ് കഴിഞ്ഞ രാത്രി നശിപ്പിച്ചതെന്ന് കർഷകനായ അനിയൻ കണ്ണാറയിൽ പറഞ്ഞു. സർവ കക്ഷി യോഗം ചേർന്ന് സാധ്യമായ നടപടികൾ ആലോചിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം പുരയിടങ്ങളിലെ കാട് അടിയന്തിരമായി നീക്കം ചെയ്യാൻ ഉടമകൾ തയ്യാറാകണം. പന്നികളെ പിടിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് നാരങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *