പെരുനാട്: അധികമായി വന്ന വൈദ്യുതിബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും കാൽമുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത മകനെ പെരുനാട് പോലീസ് പിടികൂടി. റാന്നി അത്തിക്കയം നാറാണംമുഴി നെടുംപതാലിൽ വീട്ടിൽ വർഗീസ് തോമസി(67)നാണ് മകൻ ബിജോയ് വർഗീസി(35)ൽ നിന്നും മർദ്ദനമേറ്റത്.
ചൊവ്വാഴ്ച്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം.അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ മകൻ, വർഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാൽമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ആറാം വാരിഭാഗത്തെ അസ്ഥികൾക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദനം തുടർന്നപ്പോൾ പ്രതിയുടെ അമ്മ ഇടയ്ക്കുകയറി പിടിച്ചുമാറ്റുകയായിരുന്നു. പിറ്റേന്ന് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ പിതാവിന്റെ മൊഴിവാങ്ങി പെരുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ വിജയൻ തമ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച്ച പ്രതിയെ 11.30 ന് മാടമണ്ണിൽ നിന്നും പിടികൂടി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പിതാവിനെ ഉപദ്രവിക്കുന്നത് പതിവാണെന്ന് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. വെട്ടുകത്തികൊണ്ട് തലയ്ക്കും പുറത്തും വെട്ടിപരിക്കേൽപ്പിച്ചതിന് 2016 ൽ ഇയാൾക്കെതിരെ പെരുനാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ, അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ചതിന് 2020 ലെടുത്ത ദേഹോപദ്രവകേസിലും പ്രതിയാണ്. പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

