പന്തളം – രാവിലെ സിഗ്നൽ ഇല്ലാതിരുന്ന സമയത്ത് പന്തളം ജംഗ്‌ഷനിലെ ട്രാഫിക് സിഗ്നലിൽ ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിന്റെ പിന്നിൽ, വശത്തായി ഇടിച്ചു കയറി. ടുറിസ്റ്റ് ബസിന്റെ മുൻവശം തകർന്നു. വാതിൽ ജാമായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങി. അടൂരിൽ നിന്നുമെത്തിയ ഫയർ ഫോഴ്‌സ് എത്തി വാതിൽ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തിറക്കി.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും ഊട്ടിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി മടങ്ങിയ ടൂറിസ്റ്റ് ബസാണ് മാവേലിക്കര – പത്തനംതിട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിന്നിലായി വശത്ത് ഇടിച്ചു കയറിയത്. കോട്ടയം ഭാഗത്തു നിന്നാണ് ടൂറിസ്റ്റ് ബസ് വന്നത്. പത്തനംതിട്ടയിലേക്കുള്ള ട്രിപ്പിലായിരുന്നു സ്വകാര്യ ബസ്.

ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടായി. പതിനഞ്ചു മിനുട്ടോളം യാത്രക്കാർ പുറത്തിറങ്ങാൻ ആകാതെ ടൂറിസ്റ്റ് ബസിൽ അകപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 45 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഫയർഫോഴ്‌സ് എത്തി വാതിൽ വെട്ടിപ്പൊളിച്ചാണ് ആൾക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് നിസാര പരിക്കുകൾ പറ്റി. സ്വകാര്യ ബസിലെ യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ല. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് വലിച്ചു മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.
അടൂർ അഗ്നിരക്ഷാനിലയത്തിലെ സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫ്, റെസ്‌ക്യൂ ഓഫീസേഴ്‌സായ കൃഷ്ണകുമാർ,അരുൺജിത്ത്,
സന്തോഷ്, സന്തോഷ് ജോർജ്, ഹരിലാൽ, രാജേഷ്, ശ്രീകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

