കോന്നി: വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം കോന്നി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരെയും ജനപ്രതിനിധികളെയും മുൻനിർത്തി ആരംഭിച്ച നടപടികൾ കർഷകർക്ക് ആശ്വാസകരമാണ്. മൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നതിനായി ഭക്ഷണവും, കുടിവെള്ളവും ലഭ്യമാക്കുന്നതിനു വേണ്ടി പുൽമേടുകൾ വച്ചുപിടിപ്പിക്കാനും കുളങ്ങൾ നിർമ്മിക്കാനുമുള്ള തീരുമാനവും, വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ ഹാങ്ങിങ് സോളർ വേലികളും ആവശ്യമുള്ള സ്ഥലങ്ങളിൽ പത്തടി ആഴത്തിൽ കിടങ്ങുകൾ നിർമ്മിക്കുന്നതും സ്വാഗതാർഹമാണ്.
സോളർ വേലികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ഇ-ടെൻഡറിലൂടെ പരിചയസമ്പന്നരായ കോൺട്രാക്ടർമാരെ കണ്ടെത്തണം. കഴിഞ്ഞ അഞ്ചു വർഷമായി സ്ഥാപിച്ച സോളർ വേലികളുടെ ഗുണനിലവാരത്തെക്കുറിച്ചും ഇതിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഴിമതികൾ നടന്നിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് രവിപിള്ള അധ്യക്ഷത വഹിച്ചു. ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യു.ടി.യു.സി. ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ചിറ്റാർ രാധാകൃഷ്ണൻ, സുനിൽ ഏലിയാസ്, സലീൽ വയലാത്തല, പി.പി. ജോൺ, ഷാജി തിരുവല്ല, പൊടിമോൻ കെ. മാത്യു,പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ് സ്വാഗതവും,സുനിൽ എലിയാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ഐക്യ കർഷക സംഘം കോന്നി മണ്ഡലം പ്രസിഡന്റ് ആയി ഷൈലജ പ്രദീപിനെയും, സെക്രട്ടറിയായി സുനിൽ ഏലിയാസിനെയും തിരഞ്ഞെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

