തിരുവനന്തപുരം: വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ബോധവൽക്കരണത്തിലൂടെയും മറ്റും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന പരാതികൾ കേരള പോലീസ് സൈബർ സെല്ലിനെ ആശങ്കപ്പെടുത്തുന്നു. കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നാലെ വായ്പ ആപ്പിന് എതിരെ കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. വായ്പ എടുക്കുന്നവരുടെ ജീവനെടുക്കുന്ന തലത്തിലേക്ക് ഇത്തരം ആപ്പുകൾ മാറിയെന്നതാണു ഗൗരവതരം. രേഖകളൊന്നും ഇല്ലാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കുമെന്ന സൗകര്യമാണു യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ തലമുറ ഇടപാടുകാരെ ഇത്തരം ഇടങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ ഫോണിലെ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി മാത്രം മതിയെന്നു പറഞ്ഞാണു കൂടുതൽ ആപ്പുകളും തട്ടിപ്പിനു വല വിരിക്കുന്നത്.
വായ്പ അടവു മുടങ്ങിയാൽ ഇതേ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ എന്നിവ ഉപയോഗിച്ചാണു തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നത്. പല വായ്പ ആപ്പുകളിലും ഒരു ദിവസത്തെ പലിശ നിരക്കാണു കാണിക്കുന്നത്. ഇത് വളരെ തുച്ഛം ആയി തോന്നുമെങ്കിലും അതു വാർഷിക നിരക്കിലേക്കു മാറ്റുമ്പോൾ എടുത്ത തുകയുടെ ഇരട്ടിയോ അതിൽ അധികമോ തിരിച്ച് അടയ്ക്കേണ്ടി വരുമെന്നതാണു വാസ്തവം. അടവു മുടങ്ങിയാൽ വായ്പ ആപ്പുകളുടെ പ്രതിനിധികൾ ആദ്യം ഫോണിലേക്കു വിളിച്ച് ഭീഷണിപ്പെടുത്തും. തുടർന്ന് ഫോണിലെ കോൺടാക്റ്റുകളിൽ പലതിലും ബന്ധപ്പെട്ടു ഭീഷണി മുഴക്കും. അതിനു ശേഷം ഫോണിലെ ഗാലറിയിലെ ഫോട്ടോകൾ എടുത്തു മോർഫ് ചെയ്ത് (രൂപമാറ്റം വരുത്തി) എല്ലാവർക്കും അയച്ചുകൊടുക്കും എന്ന ഭീഷണി എത്തും.
ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ വായ്പയായി ലഭിക്കും. പണത്തിന് അത്യാവശ്യമുള്ളവർ പലരും ഈ വലയിൽ വീണു പോകുകയും ചെയ്യും. കൊള്ളപ്പലിശ ഈടാക്കുമെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്ന ഇവർ ആദ്യമൊക്കെ വലിയ സഹായം ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കും. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടവു മുടങ്ങിയാൽ ഉടൻ തന്നെ ഭീഷണി സ്വരം പുറത്തെടുക്കുകയും ചെയ്യും. ആപ്പുകളിലൂടെ വായ്പ നൽകുന്നത് അനധികൃതം എന്നു റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ആപ്പുകളെ സംബന്ധിച്ചു പരാതി ലഭിക്കുമ്പോൾ തന്നെ അവയെ ഫോണുകളുടെ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലയിലെ സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മറ്റൊരു പേരിൽ ഇവർ വീണ്ടും അവതരിക്കുന്ന അപകടസാധ്യത നിലനിൽക്കുന്നുണ്ട്.
അടുത്തിടെ പത്തനംതിട്ട സ്വദേശി lending plate എന്ന ലോൺ ആപ്പിൽ നിന്നും രണ്ടുതവണ ലോൺ എടുത്തു. ആദ്യം മുപ്പതിനായിരം രൂപ, അത് മുതലും പലിശയും കൂടി തിരിച്ചടച്ചപ്പോൾ 48 രൂപ ആയി. പിന്നീട് അവർ 40000 ലോൺ നൽകി 10 ദിവസം കഴിഞ്ഞപ്പോൾ അവർ ബന്ധപ്പെട്ടു ലോൺ ഇന്ന് ക്ലോസ് ആണെങ്കിൽ 50000 ഓഫർ ഉണ്ടെന്നു പറഞ്ഞു. ഒരു ലിങ്കും അയച്ചു തന്നു .ഉടൻ തന്നെ അവർ പണം നൽകി ലോൺ ക്ലോസ് ചെയ്തു. എന്നാൽ ഇപ്പോൾ ഇവർ നിരന്തരം ഭീഷണിപ്പെടുത്തി അടച്ച് പണം വീണ്ടും അടയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുകയാണ്
*ഭീഷണി കേസ് ആക്കാം
വായ്പ ആപ്പുകളിലെ ഭീഷണി ഉൾപ്പെടെയുള്ള പരാതികളിൽ ഭാരതീയ ന്യായ സംഹിതയ്ക്കു (ബിഎൻഎസ്) കീഴിലെ 318 (തട്ടിപ്പ്), 319 (വ്യാജ രേഖ ഉപയോഗിച്ചു തട്ടിപ്പ്), 351 (ഭീഷണി, അസഭ്യം പറയൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുക്കുക. ആപ്പുകളുടെ പ്രതിനിധികൾ വധഭീഷണി മുഴക്കിയാലും നാണക്കേട് ഭയന്നു മിക്കവരും പരാതിപ്പെടാൻ മുതിരുന്നില്ലെന്നാണു സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്.
*വിളിക്കാം 1930
വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ സൈബർ ക്രൈം സെല്ലിന്റെ ടോൾ ഫ്രീ നമ്പറായ 1930ൽ വിളിക്കാം. കൂടാതെ, www.cybercrime.gov.in എന്ന പോർട്ടലിലും പരാതികൾ റജിസ്റ്റർ ചെയ്യാം.


