കോഴഞ്ചേരി – ഉൾനാടൻ മൽസ്യകൃഷിയുടെ സുസ്ഥിരമായ വളർച്ചയും മൽസ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ദേശീയ മൽസ്യകർഷക ദിനം ആചരിച്ചു. മാരാമൺ റിട്രീറ്റ് സെന്ററിൽ അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ നായർ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, അംഗം തോമസ് എബ്രഹാം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, പോളച്ചിറ ദേശീയ മത്സ്യ വിത്തുൽപാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ, മൽസ്യകർഷകർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൽസ്യകർഷകരുടെ ബ്ലോക്ക്തല ശിൽപശാല, അക്വാകൾച്ചർ ഇൻഷൂറൻസ് എന്നിവയെ കുറിച്ച് തിരുവല്ല ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിൽപ പ്രദീപ് വിശദീകരിച്ചു. ജില്ലയിലെ മികച്ച 11 മൽസ്യ കർഷകരെ ആദരിച്ചു. ഉൾനാടൻ മൽസ്യകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും മൽസ്യകൃഷി മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചും സെമിനാർ സംഘടിപ്പിച്ചു.


