വെടിക്കെട്ട് ഉപേക്ഷിച്ചപ്പോൾ യാഥാർത്ഥ്യമായത് സ്നേഹഭവനം ; ചന്ദനപ്പള്ളി വലിയപള്ളിക്ക് പ്രശംസാ പ്രവാഹം

Pathanamthitta Special

പത്തനംതിട്ട : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമ്മിക്കണമെന്ന മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനപ്രകാരമാണ് ചന്ദനപ്പള്ളി വലിയപള്ളി പ്രവാസിക്കൂട്ടായ്മ ഭവന നിർമ്മാണം ഏറ്റെടുത്തത്. 60 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് നിർമ്മാണം. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരി​ഗണിച്ചു.

പ്രശസ്തമായ ചന്ദ​നപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പതിവായി സംഘടിപ്പിച്ചിരുന്ന വിപുലമായ വെടിക്കെട്ട് ഒഴിവാക്കിയതിന് പുറമേ, പ്രവാസി സം​ഗമം ലളിതമാക്കി ആ തുകയും ഭവനനിർമ്മാണത്തിന് വിനിയോ​ഗിച്ചു. വെടിക്കെട്ടിന് വേണ്ടി ചെലവഴിക്കുന്ന പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ആദ്യം വെടിക്കെട്ട് ഒഴിവാക്കി മാതൃക തീർത്തതും ചന്ദനപ്പള്ളി വലിയപള്ളിയാണ്. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ചന്ദനപ്പള്ളി പ്രവാസി കൂട്ടയ്മയ്ക്ക് നേതൃത്വം നൽകുന്നത്.

സ്നേഹഭവനത്തിന്റെ കൂദാശ ജൂലൈ 5-ന് ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.

*വെടിക്കെട്ടിനേക്കാൾ ശോഭയുള്ള കരുണയുടെ വെളിച്ചം : പ്രശംസിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ആഘോഷങ്ങൾ ലളിതമാക്കിയും അനേകരുടെ ജീവിതത്തിന് വെളിച്ചം പകരാം എന്ന മഹത്തായ സന്ദേശമാണ് ചന്ദനപ്പള്ളി വലിയ പള്ളിയും ഇടവകജനങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ച് പകരം സ്നേഹഭവനങ്ങൾ സൃഷ്ടിക്കണമെന്ന ആഹ്വാനം നൽകുമ്പോൾ ആ ആശയത്തെ ആദ്യം ഏറ്റെടുത്തത് ചന്ദനപ്പള്ളിയാണ്. വെടിക്കെട്ടിന്റെ ശബ്ദത്തേക്കാൾ ഇമ്പകരമാണ് സ്നേഹത്തിന്റെ ഭാഷയെന്ന് നാം തെളിയിക്കുകയാണ്. ആ​ഘോഷങ്ങളുടെ താൽക്കാലിക തിളക്കത്തേക്കാൾ ശോഭിക്കുന്നത് കരുണയുടെ വെളിച്ചമാണ്. സഭയുടെ യഥാർത്ഥ മഹത്വത്തിന്റെ പ്രകാശമാണ് ഇത്തരം പ്രവൃത്തികളെന്നും സഭാധ്യക്ഷൻ പറഞ്ഞു. ഭവനം പൂർത്തീകരിച്ച് സ്വപ്നം സാക്ഷാത്ക്കരിച്ച ഇടവകയെയും പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. വൃദ്ധദമ്പതികൾക്കാണ് ഭവനം ലഭിക്കുന്നത്. വയോജനങ്ങളോടുള്ള കരുതൽ ഓർമ്മിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *