പത്തനംതിട്ട – സെൻസസ് സെൽഫ് എന്യൂമറേഷൻ ഊർജിതമാക്കണമെന്ന് ജില്ല കലക്ടർ എ നിസാമുദ്ദീൻ. ചേംബറിൽ ചേർന്ന സെൻസ് പുരോഗതി അവലോകന യോഗത്തിലാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ല കലക്ടറുടെ നിർദേശം. ജില്ലയിൽ 15,000 ൽ അധികം പേർ നിലവിൽ സെൻസസ് സ്വയം വിവരം നൽകി. നഗരസഭ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ റെസിഡന്റ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സമിതി തുടങ്ങിയവയെ സെൽഫ് എന്യൂമറേഷൻ പ്രചാരണത്തിൽ പങ്കാളിയാക്കണം. എസ് സി- എസ് ടി പ്രമോട്ടർമാർ ഉന്നതികൾ സന്ദർശിച്ച് പ്രോൽസാഹനം നൽകണം. ജില്ല പട്ടികജാതി- പട്ടികവർഗ ഓഫീസർ, ബിഡിഒ എന്നിവർ ഇത് ഉറപ്പാക്കണം.
സഹജീവനക്കാർ സെൽഫ് എന്യൂമറേഷൻ ചെയ്തെന്ന് ജില്ല ഓഫീസർമാർ ഉറപ്പാക്കണം. കുടുംബശ്രീ അയൽകൂട്ടം അംഗങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ നടത്തുന്നതിന് സഹായം നൽകണം. ഇതിനായി സിഡിഎസ് ചെയർപേഴ്സൺമാരുടെ യോഗം ചേരാൻ തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ, കുടുംബശ്രീ ജില്ല കോർഡിനേറ്റർ എന്നിവർ നടപടി സ്വീകരിക്കണം. അധ്യാപക രക്ഷാകർത്തൃ സമിതികളിൽ സെൽഫ് എന്യൂമറേഷൻ പ്രചാരണത്തിന് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ മുൻകൈയെടുക്കണം. എൻഎസ്എസ്, എൻസിസി തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ല കലക്ടർ പറഞ്ഞു.
തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ആർ രാജലക്ഷ്മി, അടൂർ ആർഡിഒ ടി ബിനുരാജ്, അഡീഷണൽ സെസൻസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


