എടത്വ: വിവാഹ ദിനത്തിൽ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ ദുരന്തം. തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷിച്ചു തീരുംമുൻപേ, ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഡെൽറ്റ എയർലൈൻസ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ , ഷീല സാം ദമ്പതികളുടെ മകളാണ് വധു ജെസ്‌നി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അറ്റ്ലാന്റയിൽ സ്ഥിര താമസക്കാരും മൂവാറ്റുപുഴ സ്വദേശികളായ ഫിജി – ഫേബ ദമ്പതികളുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി.ആഘോഷങ്ങൾക്ക് ശേഷം വടക്കൻ ജോർജിയയിലെ വിവാഹവേദിയിൽനിന്ന് മടങ്ങവെയാണ് വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നത്. പ്രൊഫഷണൽ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നതെന്ന തരത്തിൽ ആദ്യ സൂചനകൾ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റർ പതിച്ചത്.
അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും യുഎസ് ഫെഡറൽ ഏജൻസികളും സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ജെസ്‌നിയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം ഏറ്റെടുത്തു. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ വിമാന അപകടം വ്യോമയാന മേഖലയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട റോബിൻസൺ ആർ66 ഹെലികോപ്റ്ററുകൾ ആധുനിക സംവിധാനങ്ങളുള്ളവയാണ്. നാൽപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. തങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. മാത്രമല്ല, അപകടം നടക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് ഈ റൂട്ടിൽ നിരവധി തവണ പറന്ന് പരിചയസമ്പന്നനായ പൈലറ്റായിരുന്നു എന്നതും ദുരന്തത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു. യാന്ത്രിക തകരാറുകൾ പ്രകടമാകാത്ത സാഹചര്യത്തിൽ ബാഹ്യമായ ഘടകങ്ങളിലേക്ക് അന്വേഷണം നീളുകയാണ്.
രാത്രികാലങ്ങളിലെ ഹെലികോപ്റ്റർ യാത്രകളിൽ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ അപകടമെന്ന് വ്യോമയാന വിദഗ്ദ്ധർ വിലയിരുത്തുന്നു. സന്തോഷം മാത്രം നിറഞ്ഞ വിവാഹപ്പന്തലിലേക്ക് പെട്ടെന്നെത്തിയ മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആഴത്തിലുള്ള ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെസ്‌നിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനായുള്ള പ്രാർത്ഥനയിലാണ് തലവടി ഗ്രാമം.
✒️⚫ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള


