എ. നിസാമുദീൻ പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേറ്റു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീൻ ചുമതലയേറ്റു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുൻ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ പുതിയ കലക്ടർക്ക് ചുമതല കൈമാറി. 2024 ജൂലൈ മുതൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ഡയറക്ടറാണ് നിസാമുദ്ദീൻ.

ജില്ല ഭരണകൂടം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ല കലക്ടർ എ നിസാമുദീൻ പറഞ്ഞു. ഔദ്യോഗിക ജീവിതം ആരംഭിച്ച പത്തനംതിട്ട ജില്ലയിൽ തന്നെ കലക്ടറായി എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കിട്ടു. 1998 ൽ പത്തനംതിട്ടയിൽ മണ്ണു പര്യവേഷണ ഓഫീസറായാണ് സർക്കാർ സേവനം ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ, കേരള സ്‌റ്റേറ്റ് റിമോട്ട് സെന്റിസിംഗ് ആന്റ് എൻവിയോൺമെന്റ് സെന്റർ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മിഷൻ ഡയറക്ടർ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. 2023 ൽ സിവിൽ സർവീസ് ലഭിച്ചു.

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. കൃഷി, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവുമുണ്ട്. 2017 ൽ ചീഫ് മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ ഇന്നൊവേഷൻ ഇൻ പബ്ലിക് പോളിസിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2020 ൽ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. എ എം ഷീനയാണ് ഭാര്യ. ആർക്കിടെക്ടായ ഫർസീൻ, കൊല്ലം ടി.കെ.എം. എൻഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഫർഹാൻ, ഫർസാൻ എന്നിവരാണ് മക്കൾ. മരുമകൻ ഫർഹാൻ മുഹമ്മദും ആർക്കിടെക്ടാണ്.

ചിത്രം : റിസപ്ഷൻ- പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേറ്റ എ നിസാമുദ്ദീനെ മുൻ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ
ചേംബറിൽ സ്വീകരിക്കുന്നു

 

ചിത്രം : കലക്ടർ – പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേറ്റ എ നിസാമുദ്ദീൻ

 

 

Leave a Reply

Your email address will not be published. Required fields are marked *