പത്തനംതിട്ട: തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിന് വേണ്ടി ചേർന്ന സിപിഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തിൽ പിണറായിക്കും ഗോവിന്ദനും വീണാ ജോർജിനുമെതിരേ രൂക്ഷവിമർശനം. വീണാ ജോർജിന്റെ ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ഉത്തരവാദി പിണറായി വിജയൻ മാത്രമാണ്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമുള്ള തിരിച്ചടിയാണ് കിട്ടിയത്. ഒരു നിമിഷം പോലും പിണറായി പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാൻ പാടില്ല. അന്തസ് ഉണ്ടങ്കിൽ എംഎൽഎ സ്ഥാനം രാജി വച്ചിട്ട് ധർമ്മടത്ത് ഷൈലജയെ മൽസരിപ്പിച്ച് വിജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
പിണറായി പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തത് അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകാം എന്ന വ്യാമോഹം മൂലമാണ്. പിണറായി മാറി നിന്നാൽ പാർട്ടിക്ക് തിരിച്ച് വരാം. ഇല്ലങ്കിൽ കേരളവും ബംഗാളാകും.
ഷൈലജയെ പിണറായി ബോധപൂർവ്വം സീറ്റ് നല്കി തോൽപ്പിച്ചതാണ്.
വാ തുറന്നാൽ വിടുവായത്തം മാത്രം വിളമ്പുന്ന ഗോവിന്ദൻ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമാളി ആണ്. അന്തസും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആത്മാർത്ഥതയും ഉണ്ടങ്കിൽ ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം. ഒരു നിമിഷം തുടരുവാൻ ധാർമ്മികമായി അവകാശം ഇല്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് തലങ്ങളിൽ തയ്യാറാക്കി മേൽ ഘടകങ്ങൾക്ക് നൽകിയ അവലോകന റിപ്പോർട്ട് നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടിയായിരുന്നു. ഈ കളവായ റിപ്പോർട്ട് കണ്ടിട്ടാണ്മൂന്നാമതും പിണറായി സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് ഗോവിന്ദൻ പറഞ്ഞത്.
ആറന്മുളയിൽ വീണാ ജോർജിന്റെ തോൽവിക്ക് ഉത്തരവാദി അവർ തന്നെയാണ്. ധാർഷ്ട്യവും ധിക്കാരവും വീണയുടെ മുഖമുദ്രയാണ്. കണ്ണൂരിലെ കരിങ്കൊടി നാടകം തിരിച്ചടിയായി. അതുവരെ ഇവരെ അനുകൂലിച്ചിരുന്ന സാധാരണ സ്ത്രീകളായ വോട്ടർാർ അടക്കം എതിരായി. മൽസരിപ്പിക്കരുതെന്ന് ഭർത്താവ് പാർട്ടിയോട് ആവശ്യപ്പെടുകയും അതിന്റെ വാർത്ത പ്രചരിപ്പിക്കുകയുംചെയ്തിട്ടും അവർക്ക് മൂന്നാമതും സീറ്റ് നല്കിയത് തെറ്റായി പോയി. വീണ മന്ത്രിയായ ശേഷം ഭർത്താവ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നു.
പണി തീരാത്ത പത്തനംതിട്ട ജനറൽ ആശുപത്രിയുടെയും സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നടത്തിയത് തിരിച്ചടിക്ക് കാരണമായി. പാർട്ടിക്കാർ വിളിച്ചാൽ ഫോൺ എടുക്കാത്ത മന്ത്രി പല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. സാധാരണ പ്രവർത്തകരുടെ വീടുകളിലെ മരണമോ വിവാഹ ചടങ്ങുകളോ നന്നാൽ എത്താത്ത മന്ത്രി കോൺഗ്രസുകാരുടെ വീടുകളിലും ചില ക്രൈസ്തവ വീടുകളിലും ഇത്തരം ചടങ്ങുകളിലും ക്യത്യമായി എത്തുമായിരുന്നു.
ചില പാർട്ടി വിരുദ്ധന്മരുമായി അടുത്ത ചങ്ങാത്തം പുലർത്തി. പത്തനംതിട്ട നഗരത്തിൽ സിപിഎം പ്രവർത്തകൻ എന്ന് മേനി നടിക്കുന്നയാളുടെ വീട്ടിൽ എന്ത് ചടങ്ങ് നടന്നാലും മന്ത്രി കുടുംബ സമേതം എത്താറുണ്ട്. ഈ പ്രവർത്തകൻ തിരഞ്ഞെടുപ്പിന്റെ മുന്ന് നാൾ മുൻപ് വരെ വിദേശ രാജ്യത്ത് കുടുബവുമൊത്ത് ടൂറിലായിരുന്നു. ഔദ്യോഗികവാഹനത്തിൽ പോകുമ്പോൾ സാധാരണ പാർട്ടി പ്രവർത്തകർ കൈ കാണിച്ചാൽ പോലും വീണാ ജോർജ് കണ്ട ഭാവം നടിക്കില്ലായിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് സംഘടിപി്പച്ച ആരോഗ്യ കേരളം പരിപാടി വൻ പരാജയമായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം നടത്തുവാൻ മന്ത്രി എത്തിയില്ല. സദസിൽ ആളില്ലാതിരുന്നതു തന്നെയാണ് കാരണം. പാർട്ടി പ്രവർത്തകർ പോലും വിട്ടു നിന്നു.
പല കാര്യത്തിലും കോന്നി എംഎൽഎ ജനീഷ് കുമാറിനെ വീണാ ജോർജ് കണ്ട് പഠിക്കണമായിരുന്നു എന്ന് ചില അംഗങ്ങൾ പറഞ്ഞു. എസ്എസ്എൽസി,+2 പരീക്ഷകളിൽ വിജയികളായ കുട്ടികളെ കോന്നി എംഎൽഎ എല്ലാ വർഷവും മെറിറ്റ് ഫെസ്റ്റ് നടത്തി ആദരിക്കാറുണ്ട്. ഇത് ആ കുട്ടികളെയും കുടുംബത്തെയും പാർട്ടിയോട് അടുപ്പിക്കാൻ ഇടയാക്കും. ഇത്തരം ഒരു ചടങ്ങ് നടത്തി കുട്ടികളെ ആദരിക്കണമെന്ന് പ്രവർത്തകരും നേതാക്കളും വീണയോട് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും അവർ അതിന് തയാറായിട്ടില്ല. ചില കുട്ടികളെ ട്രോഫിയുമായി വരുന്നുണ്ടന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.
എംഎൽഎ ഓഫീസ് പൂർണ്ണ പരാജയമായിരുന്നു. ഓഫീസിൽ ആരും തന്നെ പോകാറില്ലായിരുന്നു. സാധാരണ പ്രവർത്തകരുടെ ഒരു കാര്യത്തിലും ഇടപെടാറില്ലായിരുന്നു. എംഎൽഎ ഓഫിസിലെമുൻ ജീവനക്കാരാനായ സിപിഎം പ്രവർത്തകൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആകുന്ന കാഴ്ചയും കണ്ടു. പിന്നിട് വന്ന രണ്ട് ജീനക്കാർ മന്ത്രിയുടെ സ്വന്തക്കാരായവരാണ്. ഇവരാകട്ടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരും ആയിരുന്നു.
പലപ്പോഴും പാർട്ടിക്ക് മുകളിലാണ് താൻ എന്ന ഭാവം ആയിരുന്നു വീണാ ജോർജിന്. പത്തനംതിട്ട നഗരസഭാ ഭരണം നഷ്ടപ്പെടുവാൻ മന്ത്രിയുടെ പല ഇടപെടലുകളും കാരണമായി. ജനറലാശുപത്രിയുടെ ഭരണം നഗരസഭയിൽ നിന്നും ജില്ലാ പഞ്ചായത്തിനെ ഏൽപ്പിച്ചത് തെറ്റായ സന്ദേശം നല്കി. മുനിസിപ്പൽ ചെയർമാൻ മന്ത്രി തർക്കവും പോരും നഗരസഭാ തോൽവിക്ക് ആക്കം കൂട്ടി.
പോലീസ് സ്റ്റേഷനുകളിൽ ഇടപെടാൻ പ്രാദേശിക നേതാക്കൾക്ക് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരുന്നതു കാരണം സാധാരണ പ്രവർത്തകരുമായി ഉള്ള ബന്ധം ഇല്ലാതായി. അവരുടെ ആവശ്യങ്ങൾക്ക് ഇടപെടാൻ കഴിയാഞ്ഞതും തിരിച്ചടി ആയി. ജില്ലാ നേതാക്കൾക്ക് സാധാരണ പ്രവർത്തകരുമായി ബന്ധം ഇല്ലാതായി.
കൊല്ലത്തു നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം ഷാരിയർ ആണ് ഉപരി കമ്മിറ്റിയിൽ നിന്നും പങ്കെടുത്തത്. കൂടാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ,. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സക്കീർ ഹുസൈൻ, എൻ സജികുമാർ, എം.വി സഞ്ജു എന്നിവരും പങ്കെടുത്തു.


