തുമ്പമൺ താഴം – മണ്ണാകടവ് പാലം നാടിന് സമർപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തുമ്പമൺ താഴം – മണ്ണാകടവ് പാലം നാടിന്റെ വികസനത്തിന് ശക്തി പകരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലും മറ്റും എത്തിച്ചേരുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരമാവുകയാണ്. ആറന്മുള, അടൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള പാലം ഏറെ പ്രതിസന്ധി ഉണ്ടായെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

തുമ്പമൺ, കുളനട നിവാസികളുടെ നിരന്തര ആവശ്യമാണ് പാലം നിർമിച്ചതിലൂടെ യാഥാർത്ഥ്യമായതെന്ന് മണ്ണാകടവ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന് പാലം നിർമാണത്തിനായി തുക അനുവദിച്ചെങ്കിലും കൂടുതൽ തുക ആവശ്യമായതിനാൽ ബജറ്റിൽ വകയിരുത്തി. പ്രളയത്തെ തുടർന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തേണ്ടതിനാൽ വീണ്ടും തുക ആവശ്യമായി വന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടൽ ഇതിന് സഹായിച്ചു. നാട്ടുകാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എസ് ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ആറന്മുള, അടൂർ നിയോജക മണ്ഡലങ്ങളെ അതിരിടുന്ന അച്ഛൻകോവിലാറിന് കുറുകെ മണ്ണാകടവിലാണ് തുമ്പമൺ താഴം- മണ്ണാകടവ് പാലം. 2020- 21 കേരള ബജറ്റിൽ മൂന്ന് കോടി രൂപയും 2018 പ്രളയത്തെ തുടർന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തിയതിന്റെ ഫലമായി വന്ന അധിക തുക 2.28 കോടി രൂപയും കൂടി ഉൾപ്പെടുത്തി ആകെ 5.28 കോടി രൂപ പാലത്തിനായി സർക്കാർ അനുവദിച്ചാണ് നിർമാണം. രണ്ടു സ്പാനുകൾ ജലത്തിലും രണ്ടു സ്പാനുകൾ കരയിലുമായി നിർമിച്ചിരിക്കുന്ന പാലത്തിന്റെ ആകെ നീളം 84 മീറ്ററാണ്. ഇരുകരകളിലുമായി രണ്ട് അബട്മെന്റുകളും മധ്യഭാഗത്തായി മൂന്നു തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്വെയുടെ വീതി 4.25 മീറ്റർ ആണ്. പന്തളം ( തുമ്പമൺ) ഭാഗത്തേയ്ക്ക് 40 മീറ്റർ നീളത്തിലും കുളനട ഭാഗത്തേക്ക് 30 മീറ്റർ നീളത്തിലും രണ്ട് പ്രധാന സമീപന പാതകളുമുണ്ട്. തീര സംരക്ഷണത്തിനായി ആറിന്റെ കരയിൽ 32 മീറ്റർ നീളമുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തിയും ഇരുകരകളിലെ പ്രധാന സമീപന പാതകളുടെ വശങ്ങളിൽ ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിലാസിനിയമ്മ, കുളനട ഗ്രാമപഞ്ചായത്ത് അംഗം ലാലമ്മ വർഗീസ്, പത്തനംതിട്ട ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *