മുഖ്യമന്ത്രിക്ക് ഗുരുവായൂരപ്പന്റെ നടയിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറാറ്റിൽ മീനൂട്ടും കദളിക്കുല നേർച്ചയും. !!

Kerala Thrissur
Print Friendly, PDF & Email

തൃശൂർ: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴു മണിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മാസത്തിലൊരിക്കൽ ഗുരുവായൂർ ദർശനം ശീലമാക്കിയ വ്യക്തിയാണ് വി.ഡി. സതീശൻ. ദർശനത്തിന് ശേഷം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

ഗുരുവായൂർ ദർശനത്തിന് ശേഷം രാവിലെ എട്ടരയോടെ മുഖ്യമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് ദേവസ്വം കമ്മീഷണർ എം. മനോജ്കുമാർ, ക്ഷേത്രം മാനേജർ വി.എൻ. ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകിയാണ് സ്വീകരിച്ചത്. തൃപ്രയാറപ്പന് മീനൂട്ട്, കദളിക്കുല സമർപ്പണം, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ പ്രധാന വഴിപാടുകൾ കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇതോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജിൽ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണ വഴിപാടും നടത്തി. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും ദേവസ്വം ഭാരവാഹികളുടെയും വലിയൊരു സംഘം മുഖ്യമന്ത്രിയെ അനുഗമിക്കാനായി ക്ഷേത്രങ്ങളിൽ എത്തിയിരുന്നു.

സുരക്ഷയുടെ പേരിൽ ഇന്ന് ദൂരെ സ്ഥലങ്ങളിൽ നിന്ന് ഗുരുവായൂർ ദർശനത്തിനെത്തിയ ഭക്തരാകെ വലഞ്ഞു. മന്ത്രിമാർ ഉൾപ്പടെ വി ഐ പികൾ എല്ലാം മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിനും കൂടി എത്തിയതോടെ ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് ഭക്തർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ചിലരെങ്കിലും ഇതിൽ പ്രതിഷേധിച്ചു പോലീസുകാരോട് കയർക്കുന്നതും കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *