കോന്നി ചന്തയിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കലയപുരം വില്ലേജിൽ കുളക്കട പുത്തൂർ മുക്ക് എന്ന സ്ഥലത്ത് കൊച്ചു പറമ്പിൽ വീട്ടിൽ സന്തോഷിന്റെ മകൻ റോബിൻ സന്തോഷ് (25) എന്നയാളാണ് കോന്നി പോലീസിന്റെ പിടിയിലായത്. മെയ് 18 രാത്രിയിലാണ് കോന്നി ചന്തയ്ക്ക് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന കോന്നി വെള്ളപ്പാറ സ്വദേശി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷ ഇയാൾ കടത്തിക്കൊണ്ടു പോയത്. ചന്തയ്ക്കുള്ളിൽ പ്രശാന്ത് നടത്തുന്ന കോഴി കടയിലെ ഉപയോഗത്തിനായുള്ള പെട്ടി ഓട്ടോറിക്ഷ കടയുടെ മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്.
മോഷണം നടന്ന് രണ്ടുദിവസത്തിനുശേഷം ഇരുപത്തിയൊന്നാം തീയതിയാണ് പോലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും. കോന്നി പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോന്നി , കൂടൽ,എനാത്ത് പുത്തൂർ,പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിലെ 70 ൽ പരം സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒന്നും തന്നെ പ്രതിയുടെ മുഖം വ്യക്തമല്ലാഞ്ഞതും പെട്ടിഓട്ടോയുടെ സ്റ്റിക്കർ ഇളക്കി മാറ്റിയിരുന്നതും കാരണം ഇയാളെ കണ്ടെത്താൻ അന്വേഷണസംഘം നന്നേ ബുദ്ധിമുട്ടി.
കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷ പ്രതി വാടകയ്ക്ക് താമസിച്ച നെടുമൺ കാവിലെ വാടകവീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ റോബിൻ സന്തോഷ് കൊല്ലം ജില്ലയിലെ പുത്തൂർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസിലും കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോന്നി ഇൻസ്‌പെക്ടർ SHO രതീഷ് , S I ഷൈജു CPO മാരായ സൈഫുദീൻ മഹേഷ് അഖിൽ,ജയകുമാർ, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

