അടൂർ: മോഷ്ടാക്കൾ വിലസുന്ന മുണ്ടപ്പള്ളിയിൽ മൂന്ന് കടകളിൽ മോഷണങ്ങൾ നടന്നിട്ടും പ്രതികളെ പിടിക്കാൻ ആകാതെ അടൂർ പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി മുണ്ടപ്പള്ളി ജംഗ്ഷനിലുള്ള മൂന്ന് കടകളിലാണ് മോഷണം നടന്നത്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള എ. വൺ സ്‌റ്റോഴ്‌സിൽ നിന്നും മൂവായിരം രൂപയും പത്ത് പായ്ക്കറ്റ് സിഗരറ്റ് അച്ചാറുകൾ എന്നിവയും സമീപത്ത് ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള പെട്ടികടയിൽനിന്നും നിരവധി പായ്ക്കറ്റ് സിഗരറ്റുകളും അപഹരിക്കപ്പെട്ടു. ഒരു മാസം മുൻപ് ഇവിടെതന്നെയുള്ള ബിനുവിന്റെ പച്ചക്കറി കടയിൽ നാളീകേരവ്യാപാരിയ്ക്ക് നൽകാൻ കടയ്ക്കുള്ളിൽ ബോക്‌സിൽ സൂക്ഷിച്ചിരുന്ന ഒൻപതിനായിരം രൂപ മോഷണം പോയിരുന്നു. അടൂർ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രഞ്ചിത്തിന്റെ ഉമ്മിണി റബ്ബേഴിസിലും മോഷണശ്രമം നടന്നിരുന്നു. കടയൂടെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഇവിടെ ഒരു വർഷത്തിനിടെ ഉണ്ടായ മോഷണങ്ങളിൽ ഒരു പ്രതിയെപോലും പിടിക്കുവാൻ പോലീസിനായിട്ടില്ല. കടകൾ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും നടന്നിട്ടുള്ളത്. പലകടകളിലും സി.സി.ടി.വി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങൾ ലഭിക്കാത്തത് മോഷ്ടാക്കൾക്ക് സഹായമാവുകയാണ്. പൊലിസിന്റെ രാത്രികാല പട്രോളിങും വാഹനപരിശോധനയും കർശനമാക്കിയാൽ ഒരു പരിധിവരെ മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും പെറ്റി നൽകുവാൻ പോലീസ് കാണിക്കുന്ന ആർജ്ജവം മോഷ്ടാക്കളെ പിടികൂടാനും ഉണ്ടാകണമെന്ന് മുണ്ടപ്പള്ളിയിലെ വ്യാപാരികൾ ആവശ്യപ്പെട്ടു.


