ഓമല്ലൂർ – മഴക്കാറ് കൊള്ളുമ്പോൾ അമ്മിണി മത്തായിക്ക് പേടിയാണ്.. പിന്നെ പ്രാർത്ഥനയും.. ചീക്കനാൽ നെടുമ്പാറക്കൽ വീട്ടിലെ അമ്മിണി മത്തായി ആണ് ഏതുനിമിഷവും വീടിനു മുകളിലേക്ക് വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്ന വലിയൊരു തേക്ക് മരം മൂലമുള്ള പേടിയിൽ കഴിയുന്നത്. ശക്തമായ മഴയും കൂടൊരു കാറ്റും കൂടി വന്നാൽ വീടിനു മുകളിലേക്ക് പതിക്കാവുന്ന നിലയിലാണ് തേക്ക് മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അമ്മിണിയുടെ സമീപത്തുള്ള മൂന്നോളം വീട്ടുകാർക്കും ഈ മരം മൂലമുള്ള ഭീതിയിലാണ് കഴിയുന്നത്.
ഓമല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ചെക്കനാൽ കുമ്പളഞ്ഞി ഭാഗത്തെ നാലോളം വീടുകൾക്ക് ഭീഷണിയായി നിലകൊള്ളുന്ന ഈ മരം മുറിച്ചുമാറ്റാൻ നടപടിയുണ്ടാകണമെന്ന് വർഷങ്ങളായി പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഈ തേക്ക് മരത്തോടു ചേർന്ന് നിൽക്കുന്ന മാവും വീണുപോകുന്ന അവസ്ഥയിലാണ്.

ഒരു വർഷം മുമ്പ് ഈ മരം നിൽക്കുന്നതിന്റെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയും മരത്തിന്റെ വേരുകൾ പുറത്തുവരികയുമായിരുന്നു. ശക്തമായൊരു കാറ്റടിച്ചാൽ ഈ മരം അമ്മിണിയുടെയും സമീപത്തെ വീടുകളുടെയും മുകളിലേക്ക് വീഴുമെന്നുറപ്പ്. അതിപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഒരു ദുരന്തമുണ്ടായാലേ അനങ്ങൂ എന്ന സർക്കാർ അധികാരികളുടെ നിലപാട് കഷ്ട്ടം തന്നെ. തേക്ക് മരമായതിനാൽ വനം വകുപ്പിന്റെ അനുമതിയും വേണം ഇത് മുറിക്കുവാൻ. വനംവകുപ്പ് അധികൃതർ സ്ഥലത്തൊന്ന് വന്ന് പരിശോധിച്ച് മടങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല.
നിതാവധി മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന ഈ മരം മുറിച്ചുമാറ്റാൻ അപേക്ഷയുമായി ഓമല്ലൂർ പഞ്ചായത്ത് അധികാരികളെയും സമീപിച്ചിരുന്നു. മഴക്കാലം എത്തുന്നതിനു മുമ്പെങ്കിലും ഈ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രാർത്ഥനയും മാത്രം അമ്മിണിക്കും നാട്ടുകാർക്കും !!
What do you feel about this post?
Like
Love
Happy
Haha
Sad

