പത്തനംതിട്ട – ഇത്തവണ വിഷുക്കണി ഒരുക്കേണ്ടത് മേടം 2 ആയ ഏപ്രിൽ 15ന്. സാധാരണ മേടം ഒന്നിനാണു വിഷു എങ്കിലും ഇത്തവണ രണ്ടിനാണ്. ഇത് എങ്ങനെയെന്നു സംശയം തോന്നാം. എന്നാൽ ജ്യോതിഷ ശാസ്ത്ര പ്രകാരം മേട സംക്രമത്തിനു ശേഷമുള്ള ആദ്യത്തെ സൂര്യോദയമാണു വിഷു ആഘോഷത്തിനും കണി ദർശനത്തിനും പരിഗണിക്കുന്നത്. സൂര്യന്റെ രാശി മാറ്റസമയമാണു സംക്രമം.
ഇന്ന് മേടം ഒന്ന് ആണ്. എന്നാൽ ഉദയത്തിനു ശേഷം പകൽ സമയത്താണു സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കു മാറുന്ന സംക്രമം. അതായത് രാവിലെ 9 മണി 32 മിനിറ്റിനാണു മേടസംക്രമം. അതിനു ശേഷം വരുന്ന ആദ്യത്തെ സൂര്യോദയം 15ന് ആയതിനാലാണു വിഷുക്കണി ദർശനവും വിഷു ആഘോഷവും അന്നു നടക്കുന്നത്. ശബരിമലയിൽ ഇന്ന് രാത്രി വിഷുക്കണി ഒരുക്കി വെച്ചിട്ടാകും നട അടയ്ക്കുക. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തുന്ന വിഷുക്കണി വെട്ടത്തിലേക്കാണ് 15ന് പുലർച്ചെ 4ന് അയ്യപ്പസ്വാമിയുടെ നട തുറക്കുക. പുലർച്ചെ 4 മുതൽ 7 വരെയാണു വിഷുക്കണി ദർശനം. ഗുരുവായൂർ, ആറന്മുള, ഉളനാട് അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്ക് കണികാണാനും, വിഷുക്കൈനീട്ടം വാങ്ങാനും ഭക്തരുടെ തിരക്ക് ആകും.
What do you feel about this post?
Like
Love
Happy
Haha
Sad

