മഞ്ഞനിക്കര കുടുംബാരോഗ്യകേന്ദ്രം ഞായറാഴ്ചകളിൽ അടഞ്ഞു കിടക്കും : പരാതിപ്പെട്ടപ്പോൾ ഡിഎംഓയുടെ ഉരുണ്ടു കളി:

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ കുടുംബാരോഗ്യകേന്ദ്രം ഞായറാഴ്ചകളിൽ സ്ഥിരമായി അടഞ്ഞു കിടക്കുന്നുവെന്ന് പരാതി. ഇത് നാട്ടുനടപ്പാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് ജീവനക്കാരും . കഥയറിയാതെ ചികിൽസ തേടി എത്തിയ ആൾ ഡിഎംഓയെ വിവരം അറിയിച്ചപ്പോൾ ഉരുണ്ടുകളി.

ആറന്മുള മണ്ഡലത്തിലെ ചെന്നീർക്കര പഞ്ചായത്തിൽ മഞ്ഞനിക്കരയിൽ പ്രവർത്തിക്കുന്നകുടുംബാരോഗ്യ കേന്ദ്രമാണ് സ്ഥിരമായി ഞായറാഴ്ചകളിൽ അടഞ്ഞു കിടക്കുന്നുവെന്ന പരാതിയുള്ളത്. ഇന്ന് രാവിലെ ചികിൽസ തേടി എത്തിയ ആൾ ആശുപത്രി അടഞ്ഞു കിടക്കുന്നത് കണ്ട് സമീപവാസികളോടും നാട്ടുകാരോടും അന്വേഷിച്ചപ്പോഴാണ് ഞായറാഴ്ചകളിൽ ഇത് തുറക്കാറില്ലെന്ന് അറിഞ്ഞത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറെ വിളിച്ചപ്പോൾ ആരോഗ്യകേന്ദ്രം തുറന്നിട്ടുണ്ട് എന്നായിരുന്നു മറുപടി.

ചെന്നീർക്കര പഞ്ചായത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കാര്യമാണ് ഡിഎംഓ തുറന്നിരിക്കുന്നതായി അറിയിച്ചത്. സിഎച്ച്‌സി നല്ലാനിക്കുന്ന് എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. വിവരം അറിഞ്ഞ് മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടിയാണ് ഡിഎംഓ നൽകിയത്.

എന്നാൽ, മഞ്ഞനിക്കര കുടുംബാരോഗ്യ കേന്ദ്രമാണ് അടഞ്ഞു കിടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് താൻ അറിഞ്ഞിരുന്നില്ലെന്ന് ഡിഎംഓ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ലീവാണ്. എന്നാലും മറ്റ് ജീവനക്കാർ ഉണ്ടാകണമെന്നാണ്. അങ്ങനെ ആരും ഡ്യൂട്ടിയില്ലെങ്കിൽ അന്വേഷിക്കുമെന്നും ഡിഎംഓ അറിയിച്ചു. ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചില്ലെങ്കിൽ അത് മെഡിക്കൽ ഓഫീസറുടെ വീഴ്ചയായിട്ടാകും കണക്കാക്കുക.

അതേ സമയം, ജീവനക്കാർ വന്നിരുന്നുവെന്നും അവർ പുറത്തേക്ക് പോയതാകാമെന്നുമാണ് മറ്റൊരു മാധ്യമപ്രവർത്തകനോട് ഡിഎംഓ പറഞ്ഞത്. ആശുപത്രിയിൽ കയറി നോക്കിയ മാധ്യമപ്രവർത്തകന് അത് പൂട്ടിക്കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ചരിത്ര പ്രസിദ്ധമായ മഞ്ഞനിക്കര ദയറായോട് ചേർന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കണമെന്നാണ്. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഓ.പി ഉണ്ടാകണം. പാർട്‌ടൈം സ്വീപ്പർ ഒഴികെ ആരെങ്കിലും ഞായറാഴ്ചകളിൽ ഡ്യൂട്ടിയിൽ നിർബന്ധമായും ഉണ്ടാകണം. 12 മണി വരെ പ്രവർത്തിക്കണം. ഊഴമിട്ടാണ് ജീവനക്കാർ വീക്ക്‌ലി ഓഫ് എടുക്കുന്നത്.

ഹോമിയോ, ആയുർവേദം അടക്കം എല്ലാ സർക്കാർ ആശുപത്രികൾക്കും ഞായറാഴ്ച പ്രവർത്തിദിനമാണ്. ജീവനക്കാരിൽ ആരെയങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് ഉണ്ടാകണം. മൃഗാശുപത്രികളിൽ അടക്കം ഇതാണ് സ്ഥിതി. എന്നാൽ, ചിലയിടങ്ങളിൽ ഇതു പോലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ആശുപത്രി പൂട്ടിയിടാറുണ്ട്. ഞായറാഴ്ചകളിൽ പിഎച്ച്‌സിക്ക് അവധി ആണെന്നാകും ഇവർ രോഗികളെ ബോധ്യപ്പെടുത്തിയിരിക്കുക. അന്ന് ഡ്യൂട്ടി ചെയ്യേണ്ടവർ പിറ്റേന്ന് വന്ന് തലേ ദിവസത്തെ ഒപ്പ് അറ്റൻഡൻസ് രജിസ്റ്ററിൽ പതിക്കും.

മഞ്ഞനിക്കര ആശുപത്രി മിക്ക ഞായറാഴ്ചയും അടഞ്ഞാണ് കിടക്കുന്നത്. സമീപവാസികൾ അറിവില്ലായ്മ കാരണം അന്ന് അവധിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഡിഎംഓ അടക്കമുള്ളവരുടെ ഒത്താശയോടെയാണ് ഇങ്ങനെ നടക്കുന്നത് എന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. നല്ലാനിക്കുന്നിൽ സിഎച്ച്‌സി ഉള്ളതിനാൽ രോഗികൾക്ക് അവിടേക്ക് ചികിൽസ തേടി പോകാമെന്നാണ് ഇവർ പറയുന്നത്. മൂന്ന് ഡോക്ടർമാർ ആണ് അവിടെ ഡ്യൂട്ടിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *