ആറന്മുള – പി .എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും, പി. എൻ പണിക്കരുടെ മകനുമായ എൻ ബാലഗോപാൽ ആറന്മുളയിലെത്തി എൻ. ഡി എ . സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ അറിയിച്ചു . കേരളമൊട്ടാകെ സഞ്ചരിച്ച് ഗ്രന്ഥശാലകളും വായനയും പ്രോത്സാഹിച്ച, ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ് പി .എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി 1996 മുതൽ ആചരിച്ചു വരുന്നു . 2017 മുതൽ ജൂൺ 19 ദേശീയ വായനാ ദിനമായി പ്രഖ്യാപിക്കുന്നതിന് കാരണക്കാരനായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് അതിനാവശ്യമായ സഹായങ്ങൾ ചെയ്തു തന്നതും അന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റായ കുമ്മനം രാജശേഖരനായിരുന്നു . നിലവിൽ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കോടിക്കണക്കിന് കുട്ടികൾ വായനാ ദിനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും എൻ ബാലഗോപാൽ അറിയിച്ചു . കോട്ടയം ജില്ലയിലെ കുമ്മനത്ത് ലൈബ്രറിയുടെ പ്രസിഡൻ്റായി കുമ്മനം രാജശേഖരൻ പൊതുപ്രവർത്തന രംഗത്ത് ആദ്യമായി എത്തിയത് ഗ്രന്ഥശാല പ്രസ്ഥാനത്തിൽ കൂടിയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു . കലയേയും, സാഹിത്യത്തേയും, വായനയേയും സ്‌നേഹിക്കുന്നവർ കുമ്മനത്തിൻ്റെ വിജയം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . നിലവിൽ പി .എൻ പണിക്കർ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡംഗം കൂടിയാണ് കുമ്മനം രാജശേഖരൻ . പന്ന്യൻ രവീന്ദ്രനാണ് ചെയർമാൻ . പി എൻ പണിക്കർ ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി .കെ നസീറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



