തിരുവല്ല – കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെരിങ്ങര കോസ്മോസ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പകരമായി ഫേസ്ബുക്കിലൂടെ തന്നെ പ്രകോപനപരമായ മറുപടികളും പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളും സംഘർഷവുമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. പുളിക്കീഴ് പെരിങ്ങര സ്വദേശി ആശാരി പറമ്പിൽ വീട്ടിൽ ബിജു കുമാർ (47) ന്റെ ആക്രമണത്തിൽ പെരിങ്ങര കോസ്മോസ് സ്വദേശികളായ ജ്യോതിഷ് , വിപിൻ ബാബു , സുനിൽ സുരേന്ദ്രൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. 40ഓളം പോലീസ് ഉദ്യോഗസ്ഥരെ 5 പ്രത്യേക ടീമുകളായി തിരിച്ച് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. അന്വേഷണ സംഘം ചങ്ങനാശ്ശേരിയിൽ നിന്നും മിനിഞ്ഞാന്ന് രാത്രിയോടെ പ്രതിയെ പിടികൂടി. ഇയാൾ സ്ത്രീകളെ ആക്രമിച്ച കേസിൽ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പ്രതിയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


