തീപടർന്ന് ട്രാൻസ്ഫോമറിന് സമീപം വരെയെത്തിയത് പരിഭ്രാന്തി പരത്തി

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട് ∙ വേനൽ കടുത്തതോടെ കാട്ടുതീയും മറ്റു തീപിടിത്തങ്ങളും കൂടുകയാണ്. കഴിഞ്ഞ ദിവസം കുമ്പനാടിന് സമീപം തരിശു പുരയിടത്തിലെ കാടിനു തീപിടിച്ച് സമീപത്തുള്ള ട്രാൻസ്ഫോമറിന് സമീപം വരെ എത്തിയത് ആളുകളിൽ പരിഭ്രാന്തി പരത്തി. കുമ്പനാട് ഓതറ റോഡിൽ നെല്ലിമല കൊച്ചാലുമൂടിന് സമീപം പുത്തൻപീടിക ഭാഗത്ത് കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ് വീടോ ആൾത്താമസമോ ഇല്ലാത്ത പുരയിടത്തിൽ നിന്നും തീ പടർന്നത്. ഇതുവഴി വന്ന വഴി യാത്രക്കാരാണ് ആദ്യം തീപടിച്ചത് കാണുന്നത്. ഇവർ പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിനെ വിവരം അറിയിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെയും കുമ്പനാട് കെഎസ്ഇബി ഓഫീസിലും നെല്ലിമല പൗരസമിതി പ്രവർത്തകരെയും സുബിൻ നീറുംപ്ലാക്കൽ വിവരം അറിയിച്ചു.

കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനിയർ വി വി വിനീത്, സബ് എഞ്ചിനിയർമാരായ സന്തോഷ് കുമാർ, പ്രതീപ് കുമാർ, എസ് നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുത്തൻപീടിക ഭാഗത്തു കൂടി കടന്നു പോകുന്ന 11കെവി ലൈനിലെയും ട്രാൻസ്ഫോമറിലേക്കുള്ള വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. ഇത് മൂലം വലിയ ദുരന്തം ഒഴിവായി. സമീപവാസിയായ റോയിയും ഇവിടെ തന്നെ കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളും സഹായത്തിനെത്തി. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ ഒരുമണിക്കൂർ എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, ആകാശ് തോമസ് എന്നിവർ നേതൃത്വം നൽകി. വനാതിർത്തി പങ്കിടുന്ന സ്ഥലത്ത് വനപാലകരും വനംസംരക്ഷണ സമിതി പ്രവർത്തകരും ഫയർലൈൻ തെളിക്കുന്ന ജോലികൾ നടത്തുകയും ജാഗ്രത സമതികൾ രൂപീകരിച്ച് ആളുകൾക്ക് ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും യാതൊരു ബോധവത്കരണവും ആളുകൾക്ക് നൽകാറില്ല. തരിശു പുരയിടത്തിൽ പടർന്ന തീ പടർന്ന് വലിയ നാശനഷ്ടമാണ് ഓരോ വേനൽകാലത്തും സംഭവിക്കുന്നത്. വേനൽക്കാലമായതോടെ തരിശ് പുരയിടങ്ങളിലെ പുല്ലും കാടും വെട്ടി തെളിയിക്കുന്നതിന് ഭൂഉടമകൾക്ക് നിർദേശം പഞ്ചായത്തൂകളിൽ നിന്നും നൽകണമെന്നും അല്ലാത്ത പക്ഷം ഇങ്ങനെ ഉടമകളുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും തീ കെടുത്തുന്നതിനുള്ള ചിലവ് ഭൂഉടമയിൽ നിന്നും ഇടാക്കണമെന്നുള്ള ആവശ്യവും ശക്തമാവുകയാണ്.


ഫോട്ടോ: കുമ്പനാട് ഓതറ റോഡിൽ പുത്തൻപീടികയ്ക്ക് സമീപം തരിശു പുരയിടത്തിലെ തീ ട്രാൻസ്ഫോർമറിലേക്ക് പടരാതെ അഗ്നിരക്ഷാസേനാ അയയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *