മാരാമൺ – ക്രിസ്തുവിന്റെ മനസ്സിന്റെ പ്രത്യേകത എന്താണ്? ആരാണ് ഈ ക്രിസ്തു എന്നത് ഇന്നാളുകളിൽ നാം വിചിന്തനം ചെയ്യേണ്ടുന്ന വസ്തുതകളാണ്. കർത്താവിന്റെ മനസ്സിനോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ നമുക്ക് സാധിക്കുന്നുണ്ടോ? അവന്റെ മനസ്സിനെ ഉൾക്കൊള്ളണമെങ്കിൽ ആദ്യം ക്രിസ്തു ആര് എന്ന് തിരിച്ചറിയേണ്ടതാവശ്യമാണ്. സഭയുടെ അടിസ്ഥാനം ദൈവപുത്രനായ ക്രിസ്തു എന്ന വിശ്വാസമാണ്. ഈ വിശ്വാസം ഉറയ്‌ക്കേണ്ടത് കുടുംബജീവിത പശ്ചാത്തലങ്ങളിൽ നിന്ന് തന്നെയാണ്. വിശ്വാസജീവിതത്തിൽ അറിവ് അനുഭവമായി മാറേണം. ക്രിസ്തുവിനെക്കുറിച്ചുള്ള ഈ അറിവും അനുഭവവും തന്നെയാണ് സഭയ്ക്കിന്നാവശ്യം. എന്നാൽ ഈ കാലഘട്ടത്തിൽ പലപ്പോഴും വിശ്വാസത്തിന് വിലയില്ലാതായിപ്പോകുന്നു. വിശ്വാസത്തിന്റെ മൂല്യച്യുതിയുടെ സമയക്രമത്തിൽ യേശുവിലുള്ള വിശ്വാസം മുറുകെപ്പിടിക്കുകയും തലമുറകൾക്ക് പകർന്ന് നൽകുവാനും സാധിക്കേണം.
സൃഷ്ടിയായ നമ്മുടെ അസ്തിത്വം യേശുവിലാണ് എന്നൊരു ഉൾബോധം നമുക്ക് രൂപപ്പെടേണം. സത്യവചനത്തെ യഥാർത്ഥമായ് ലോകത്തോട് വിളിച്ചുപ്പറയുവാൻ നമുക്ക് കഴിയേണം. ക്രിസ്തു ആരാണ് എന്ന് ശബ്ദമുയർത്തിപ്പറയുവാൻ സാധിക്കേണം. അവൻ നമ്മുടെ കർത്താവും ദൈവവുമാണ്. ആയതിനാൽ ക്രിസ്തുഭാവം നമ്മിലേക്ക് പകരപ്പെടേണം. എന്താണ് ക്രിസ്തുവിലുള്ള ഈ മനസ്സലിവിന്റെ ഭാവം? മനുഷ്യന് നൽകുവാൻ കഴിയുന്ന സ്‌നേഹത്തിന്റെ വലിയ പ്രതിഫലനമാണ് മനസ്സലിവ്. മറ്റുള്ളവരുടെ കഷ്ടപ്പാടിൽ നമ്മിൽ ഉരുവാകുന്ന ഒരു വൈകാരിക പ്രതികരണമാണ മനസ്സലിവ്. ജീവനെ ഹനിക്കുന്ന എല്ലാ ആചാരങ്ങളെയും ഉല്ലംഘിക്കുന്ന അനുഭവമാണ് മനസലിവ്. നമ്മുടെ ഇടങ്ങളിൽ അകറ്റി നിർത്തലിന്റെതായുള്ള മനോഭാവങ്ങൾ ക്രിസ്തുമനസ്സിന് ചേരുന്നതാണോ? യേശു മനസ്സലിഞ്ഞത് എന്തിനാണ്? ഇടയനില്ലാത്ത ആടുകളെപ്പോലെയുള്ള ചിന്നിയവരെയും ചിതറിയവരേയും ഉൾക്കൊണ്ടതുകൊണ്ടാണ്. ഇത്തരത്തിലുള്ള നിസ്സഹായർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ യേശുവിന്റെ കാഴ്ച എന്തുകൊണ്ട് നമുക്കുണ്ടാകുന്നില്ല. ഇവയുടെ ദൃശ്യഭാവമാണ് സഭയിലൂടെ ഇന്ന് സാധ്യമാകേണ്ടത്. കരയുന്ന കണ്ണുനീരിനെ ഒപ്പുന്നതാണ് മനസ്സലിവ്. എവിടെ വെള്ളമുണ്ടോ, അവിടെ ജീവനുണ്ട്, അതുപോലെ എവിടെ കണ്ണുനീരൊഴുകുന്നുവോ അവിടെ കർത്താവിന്റെ കരുണയുണ്ട്.

കയ്യെത്തുന്ന ദൂരത്ത് വിശക്കുന്നവന് അപ്പമാകാൻ നമുക്ക് സാധിക്കുന്നുണ്ടോ? ഇന്ന് ജന്മദിനം, വിവാഹം മുതലായ ആഘോഷങ്ങളിലെ ഭക്ഷണധൂർത്ത് ഇന്ന് എത്ര അധികമാണ്. വിശക്കുന്നവർ ചുറ്റുപ്പാടുള്ളപ്പോൾ ഈ ധൂർത്ത് കർത്താവിന്റെ മനസ്സിന് ചേരുന്നതാണോ? നിലവിളികളെ കേൾക്കുമ്പോൾ മനസ്സലിയുന്ന കർത്താവിന്റെ ഭാവം നമ്മിലുണ്ടോ? നമ്മുടെ ഉള്ളിലുള്ള മനസ്സലിവ് എത്ര പേരുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനും കാരണമായിത്തീർന്നിട്ടുണ്ട്. ഇന്ന് നമ്മുടെ ദൈവാലയങ്ങൾ കള്ളന്മാരുടെ ഗുഹയായിത്തീരുന്നുണ്ടോ? അധികാര ദുർവിനിയോഗത്താലും സാമ്പത്തിക അവിശ്വസ്ഥതയാലും, ചൂഷണങ്ങളാലും നാം ആയിരിക്കുന്ന വിശുദ്ധ ഇടങ്ങൾ വികലമാകുന്നു. തിന്മകളോടുള്ള സമരസവും നിശബ്ദതയും യേശുവിൽ നിന്ന് നമ്മെ അകറ്റുന്നു. അനീതികളുടെയും അന്യായത്തിന്റെയും നടുവിൽ നാം നിശബ്ദ ദർശകരായിത്തീരുന്നു എന്നതാണ് സത്യം. കാഴ്ചക്കാരായിരിപ്പാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് ശുശ്രൂഷാ മനസ്സോടെ നീതിയ്ക്കായി പോരാടുവാനായിട്ടാണ്.
കുടുംബത്തിനുള്ളിൽ, ഇടവകയിൽ, ആയിരിക്കുന്ന ഇടങ്ങളിലെല്ലാം അപരവൽക്കരിക്കൽ ഉണ്ടെന്നതാണ് സത്യം. തള്ളിക്കളയുന്നതിന് പകരം ചേർത്തുപ്പിടിക്കുന്നതാണ് ക്രിസ്തുമനസ്സ്. ദൈവത്തിന് നൽകുവാനുള്ളത് കൊടുക്കുവാൻ നമുക്ക് സാധിക്കേണം. ക്രൂശിൽ തന്നെത്തന്നെ നൽകിയവൻ പറയുന്നത് കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും നൽകുവാനാണ്. എന്നാലിന്ന് കൈസർക്കുമില്ല, ദൈവത്തിനുമില്ല, മറിച്ച് നമുക്ക് മാത്രമെന്നതാണ് സത്യം. നീ ദൈവത്തിന് നൽകുന്നില്ലായെങ്കിൽ യഥാർത്ഥത്തിൽ ദൈവത്തെ കൊള്ളയിടുകയാണ്. പണം മാത്രമല്ല, ആയുസിന്റെ ദശാംശം കൂടി പൂർണ്ണതയിൽ നൽകുവാൻ സാധിക്കേണ്ടതുണ്ട്. അതിനായി ദൈവം നമ്മെ സഹായിക്കുകയും വഴി നടത്തുകയും ചെയ്യട്ടേ.


