കോമളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കോമളം പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു, കിഫ്ബിയിലൂടെ സംസ്ഥാനത്ത് കൂടുതൽ വികസനം യാഥാർഥ്യമായെന്ന്. സംസ്ഥാനത്ത് പാലം, ഓവർ ബ്രിഡ്ജ്, ഫ്‌ളൈ ഓവർ തുടങ്ങിയവയിലൂടെ കൂടുതൽ വികസനം കിഫ്ബിയിലൂടെ സാധ്യമാക്കി. മലയോര, തീരദേശ ഹൈവേ നിർമാണം പൂർത്തിയാകുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ 5000 കോടി രൂപ ചെലവഴിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി. ആർദ്രം മിഷൻ പദ്ധതിയിലൂടെ സാധാരണക്കാർക്ക് മികച്ച ചികത്സ സൗകര്യം ഒരുക്കി. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ പലവിധത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യം ഒരുക്കി. സംസ്ഥാനത്ത് നവജാത ശിശു മരണ നിരക്ക്, മാതൃ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. വിവിധ മേഖലകളിൽ 90,000 കോടി രൂപയുടെ വികസനം കിഫ്ബി വഴി ഏറ്റെടുത്തു. ജനങ്ങളുടെ പിന്തുണയിലൂടെ വലിയ തോതിലുള്ള വികസനം യാഥാർഥ്യമായി. നാടിന്റെയും ജനത്തിന്റെയും ഐക്യമാണ് പ്രതിസന്ധികളിൽ അതിജീവനം സാധ്യമാക്കിയത്. മികച്ച രീതിയിലുള്ള പുനരധിവാസം ചൂരൽമലയിൽ ഒരുങ്ങുന്നു. പാവപ്പെട്ടവരെ ചേർത്തു പിടിക്കുന്ന നയമാണ് സർക്കാരിന്റേത്. നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതികൾക്ക് സർക്കാർ പ്രധാന്യം നൽകുന്നു. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കിഫ്ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിർമാണം സാധ്യമായതായി അധ്യക്ഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 ൽ അധികം പാലങ്ങൾ നിർമിച്ചു. സർക്കാരിന്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.

വികസന നിലപാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡ്, പാലം, കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവർത്തനം മണ്ഡലത്തിൽ നടപ്പാക്കി. ക്ഷമയോടെയുള്ള പ്രവർത്തനം മികച്ച രീതിയിലുള്ള വികസനം ഉണ്ടാക്കുമെന്ന കാഴ്ചപ്പാട് കോമളം പാലം നിർമാണത്തിലൂടെ സാധ്യമായതായും എം എൽ എ കൂട്ടിച്ചേർത്തു. ശിലാഫലകം അനാച്ഛാദനവും എം എൽ എ നിർവഹിച്ചു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 7.5 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലാണ് പാലം നിർമിച്ചത്. നദിയിൽ 28 മീറ്ററിന്റെ 3 സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ 2 വീതം ലാൻഡ് സ്പാനുകളും ഉള്ള ഹൈലെവൽ ബ്രിഡ്ജാണ് നിർമിച്ചത്. മാത്യു ടി തോമസ് എം എൽ എയുടെ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കും സ്ഥാപിച്ചു.

പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനിൽ, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു പി. കുരുവിള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്തംഗംസജി ചാക്കോ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗംഗിരികുമാർ, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷീജ തോമസ്, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *