പട്ടാപ്പകലും പോസ്റ്റിലെ ലൈറ്റുകൾ കത്തിക്കിടക്കുന്നു: കോഴഞ്ചേരി കെഎസ്ഇബി ഓഫീസിൽ എത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ ബഹളം:

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെരുവുവിളക്കുകൾ കത്തിക്കിടക്കുന്നുവെന്ന പേരിലായിരുന്നു ഭീഷണി. അതേസമയം, കെഎസ്ഇബി പരിഹരിക്കേണ്ട തകരാർ എത്ര പരാതിപ്പെട്ടിട്ടും പരിഹരിക്കാതെ വന്നതോടെയാണ് ഓഫീസിലെത്തി കാര്യം പറയേണ്ടി വന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. തെരുവു വിളക്കുകളുടെ പരിപാലനം പഞ്ചായത്തിന്റെ ചുമതലയാണെന്നാണ് കെഎസ്ഇബി പറയുന്നത്. ഓരോ സ്ഥലത്തും ഇതിനായി പ്രത്യേകം ഫ്യൂസുകൾ വച്ചിട്ടുണ്ട്. ഇത് അതാത് പ്രദേശത്തുള്ള ഏതെങ്കിലും ഒരാൾ ആയിരിക്കും വൈകിട്ട് ഓൺ ചെയ്യുന്നതും രാവിലെ ഓഫ് ചെയ്യുന്നതും. തെരുവുവിളക്കിനുള്ള കറണ്ട് ചാർജ് പഞ്ചായത്തിൽ നിന്നുമാണ് നൽകുന്നത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും കുഴപ്പം മൂലമാണ് തെരുവു വിളക്ക് കത്തിക്കിടന്നതെന്നും അതിന് പ്രസിഡന്റ് ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത് എന്നുമാണ് കെഎസ്ഇബി ജീവനക്കാർ പറയുന്നത്. വളരെ മോശമായ രീതിയിലാണ് പ്രസിഡന്റ് പെരുമാറിയതെന്നും പറയുന്നു.

കോഴഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡിലെ കോൺഗ്രസ് പഞ്ചായത്തംഗമാണ് ജോമോൻ പുതുപ്പറമ്പിൽ. കെഎസ്ഇബി ചേയ്യണ്ട പണി ചെയ്യാത്തതു കൊണ്ടാണ് ഓഫീസിൽ ചെന്ന് പരാതിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തെരുവുവിളക്കുകൾ കത്തിക്കിടന്നത് കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ്. ഇക്കാര്യം പരാതിയായി വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല. തുടർന്ന് ഓഫീസിൽ ചെന്നു. അവിടെ നിന്ന് വന്ന് നോക്കിയപ്പോഴാണ് ഫ്യൂസ് കാരിയറിന്റെ കുഴപ്പമാണ് എന്ന് മനസിലായത്. ഇത് നാട്ടുകാർക്ക് നന്നാക്കാൻ കഴിയില്ല. 15 ദിവസത്തോളം വിളക്കുകൾ രാപകൽ ഭേദമന്യേ കത്തിക്കിടന്നു. ഓഫീസിൽ ചെന്ന് ചോദിച്ചപ്പോൾ പരാതിപ്പെട്ട തീയതിയും സമയവും തന്നോട് ചോദിക്കുകയാണ് ചെയ്തത്. പരാതിപ്പെട്ട രേഖകൾ പോലും അവിടെയുണ്ടായിരുന്നില്ല. ഒന്നര ആഴ്ച മുൻപ് കൊടുത്ത പരാതി സൂക്ഷിക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഓഫീസിലെ സിസിടിവി എടുത്ത് തനിക്കെതിരേ പ്രചരിപ്പിക്കുന്നതെന്നും ഈ സമയം കൊണ്ട് തെരുവു വിളക്കിന്റെ തകരാർ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും ജോമോൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *