പന്തളം – ശബരിമല അയ്യപ്പ ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴി കൂട്ടം തെറ്റി അലഞ്ഞ അയ്യപ്പഭക്തന് പന്തളം ജനമൈത്രി പോലീസ് താങ്ങും തണലുമായി മാറി. ജന്മനാ രണ്ടു കാലുകളും തളർന്ന ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിയായ 45 വയസുകാരനായ മണികണ്ഠൻ എന്ന സ്വാമി നാട്ടിൽ നിന്നും മൂന്നുമാസം മുമ്പ് മുച്ചക്ര സൈക്കിളിൽ യാത്ര തിരിച്ച് ദർശനത്തിനു ശേഷം തിരികെ നാട്ടിലേക്ക് മടങ്ങും വഴി കൂട്ടം തെറ്റുകയായിരുന്നു. കൂട്ടം പിരിഞ്ഞ് ഭക്ഷണത്തിനും യാത്രയ്ക്കും പണമില്ലാതെ പരവശനായി കൈകൊണ്ട് കറക്കി ചവിട്ടി പോകുന്ന മുച്ചക്രസൈക്കിളിൽ യാത്ര തുടരാൻ കഴിയാതെ അവശനായി പന്തളം പോലീസ് സ്റ്റേഷൻപരിധിയിൽപ്പെട്ട പറന്തൽ എന്ന സ്ഥലത്ത് റോഡിൽ കഴിഞ്ഞദിവസം കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പന്തളം ജനമൈത്രി പോലീസ് വേണ്ട സഹായങ്ങൾ നല്കുകയും കൂടെയുളള സ്വാമിമാരെ അന്വേഷിച്ച് കണ്ടെത്തുകയുമായിരുന്നു. പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ യു.വി വിഷ്ണു, ജനമൈത്രി ബീറ്റ് ഓഫീസർ എസ്. അൻവർഷ ,ജനമൈത്രിസമിതിയംഗം റജി പത്തിയിൽ , അയ്യപ്പ സമാജം ഭാരവാഹി വേണു എന്നിവരുടെ നേതൃത്വത്തിൽ മണികണ്ഠനെ സുരക്ഷിതമായി വാഹനത്തിൽ ചെങ്ങന്നൂരിൽ എത്തിച്ച് കൂടെയുളള സ്വാമിമാർക്ക് കൈമാറി.



