ആയിരങ്ങൾക്ക് ദർശന പുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക്

Kerala Pathanamthitta

സന്നിധാനം – മകരസംക്രമ സന്ധ്യയിൽ ആയിരക്കണക്കിന് ഭക്തർക്കു ദർശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങൾക്ക് മുന്നിൽ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ മുഹൂർത്തത്തിലായിരുന്നു ദർശനം. രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞതോടെ സന്നിധാനവും പരിസരവും ഭക്തിമയമായി.

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് 5.50ന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ വരവേറ്റു. പതിനെട്ടാം പടി വഴി സന്നിധാനത്തെത്തിയ ഘോഷയാത്ര കൊടിമരച്ചുവട്ടിൽ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തിരുവാഭരണ പേടകം ബലിക്കൽപുരയിലൂടെ സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് ദീപാരാധനയ്ക്കായി നടയടച്ചു. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്‌ക്കൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി. ഭക്തർക്കായി തിരുവാഭരണം അണിഞ്ഞുള്ള ദർശനവും ആരംഭിച്ചു. ജനുവരി 17 ന് രാത്രിവരെ തിരുവാഭരണം ചാർത്തിയ ഭഗവാനെ തൊഴാം. ജനുവരി 18 ന് രാവിലെ 10 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി 19 രാത്രി വരെ ഭക്തർക്ക് ദർശനം സൗകര്യമുണ്ട്. ജനുവരി 20 ന് രാവിലെ 6.30 ന് നടഅടയ്ക്കും.

ഹൈക്കോടതി നിർദേശപ്രകാരം മകരവിളക്ക് ദിനത്തിൽ വെർച്വൽ ക്യൂവിലൂടെ 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമായിരുന്നു സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കടത്തിവിട്ടില്ല. കർശനമായ സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദർശനം സാധ്യമാക്കി. ദർശനപുണ്യം നേടിയ ആയിരക്കണക്കിന് ഭക്തർ സുരക്ഷിതമായി മലയിറങ്ങി.

ജനുവരി 15 മുതൽ 18 വരെ വെർച്വൽ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. 19ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *