വിറക് വെട്ടിക്കൊണ്ട് നിന്ന യുവതിയെ കടന്നു പിടിച്ച് നൈറ്റി വലിച്ചു കീറി: റൗഡി ലിസ്റ്റില്‍പ്പെട്ട പ്രതി അറസ്റ്റില്‍

Crime
Print Friendly, PDF & Email

കോന്നി: സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വി.കോട്ടയംതാന്നിക്കുഴി പാറയില്‍ തെക്കേതില്‍ വീട്ടില്‍ വിഷ്ണു (43) ആണ് പിടിയിലായത്. ഡിസംബര്‍ 15 നായിരുന്നു സംഭവം.
റബര്‍തോട്ടത്തില്‍ വിറക് ശേഖരിച്ച് കൊണ്ട് നിന്ന യുവതിയെ പ്രതി പിന്നിലൂടെ ചെന്ന് കടന്നു പിടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നൈറ്റി വലിച്ച് കീറുകയുമായിരുന്നു.

പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍പ്പോയി. നിരന്തര അന്വേഷണത്തിനൊടുവില്‍ പ്രതി സ്ഥലത്തെത്തിയിട്ടുളളതായി വിവരം ലഭിച്ച പോലീസ്‌വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.എസ്. ശ്യാം, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സി.പി.ഒ ജോമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കോന്നി പോലീസ് സ്‌റ്റേഷനിലെ റൗഡിലിസ്റ്റില്‍പ്പെട്ടയാളാണ് പ്രതി. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത നരഹത്യാശ്രമക്കേസിലും പ്രതിയാണ്. സ്ത്രീത്വത്തെ അപമാനപ്പെടുത്തിയതിലേക്ക് കോന്നി പോലീസ് സ്‌റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നേരിടുന്നതിനിടെ ഒളിവില്‍പ്പോയതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും എല്‍.പി.വാറന്റ് നേരിടുന്നയാളുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *