മെഴുവേലി – ഇന്നലെ രാവിലെ സുഹൃത്തുക്കളുമൊത്ത് എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് ഉള്ള യാത്രയിലാണ് നടൻ ശ്രീനിവാസൻ്റെ മരണ വാർത്ത അറിയുന്നത്. അപ്പോൾ ഓർമ്മ വന്നത് ശ്രീനിവാസൻ്റെ ഒട്ടനവധി സിനിമകളും സിനിമക്കാരുടെ തവളമായ കോഴിക്കോട് മഹാറാണി ഹോട്ടലും ആണ്. പിന്നെ ഒന്നും ആലോചിച്ചില്ല, മഹാറാണിയിലേക്ക് ഫോൺ ചെയ്ത് 206 നമ്പർ മുറി അന്വേഷിച്ചു ബുക്കിങ് ഉറപ്പാക്കി.
ശ്രീനിവാസൻ്റെ ഒട്ടനവധി കഥാപാത്രങ്ങൾ പിറന്ന റൂം നമ്പർ 206. മഴയെത്തും മുമ്പേ എന്ന സിനിമ ഈ മുറിയിൽ ഇരുന്ന് എഴുതിയത് 40 ദിവസം കൊണ്ടാണെന്ന് ഇന്നത്തെ മനോരമയിൽ വായിച്ചു. അങ്ങനെ ഒട്ടനവധി സിനിമകൾ.


ശ്രീനിവാസൻ താമസിച്ച മുറിയിൽ കറങ്ങുന്ന ഫാനിൽ നോക്കി കിടക്കുമ്പോൾ ഞാൻ ആലോചിച്ചത് മലയാളത്തിൻ്റെ മഹാനായ തിരക്കഥാകൃത്തും സംവിധായകനും നടനുമായ അദ്ദേഹം ഈ ഫാനിൽ നോക്കിക്കിടന്നു എത്രയെത്ര കഥകൾ ആലോചിച്ചിട്ടുണ്ടാകും എന്നാണ്.
ഈ മുറിയിൽ ഇരിക്കുമ്പോൾ എത്രയെത്ര സിനിമകൾ മനസിലേക്ക് ഊളിയിട്ടു വന്നു ? തലയണ മന്ത്രം, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, അറബിക്കഥ, ചിന്താവിഷ്ടയായ ശ്യാമള….അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ. മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കലാകാരൻ
അദ്ദേഹം നമ്മെ വിട്ടുപോയ ദിവസം അദ്ദേഹത്തിൻ്റെ മഹാറാണിയുടെ റൂം നമ്പർ 206 ൽ ഒരു രാത്രി ഉറങ്ങാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.
മഹാ പ്രതിഭയ്ക്ക് പ്രണാമം 🌹
@ രാജീവ് മെഴുവേലി


