പുതിയ ബാച്ച് സിവിൽ ഡിഫൻസ് അംഗങ്ങളുടെ പരിശീലനം പൂർത്തിയായി:

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : പുതിയ ബാച്ചിലേക്കുള്ള സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പരിശീലനമാണ് വെള്ളിയാഴ്ച പത്തനംതിട്ടയിൽ പൂർത്തിയായിട്ടുള്ളത്. ദുരന്തനിവാരണം, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലാണ് ഇവർക്ക് ക്ലാസ് ലഭിച്ചിട്ടുള്ളത്. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങൾ വിവിധതരം റോപ്പുകൾ ഉപയോഗിച്ച് high altitude rescue techniques (ഉയരങ്ങളിലെ രക്ഷാപ്രവർത്തനം) ഉൾപ്പെടെ തങ്ങൾ പരിശീലനം നേടിയ രക്ഷാപ്രവർത്തനങ്ങൾ സബ് കളക്ടർക്കു മുമ്പിൽ അവതരിപ്പിച്ചു.

തുടർന്ന് നടന്ന സമാപന ചടങ്ങ് സബ്കളക്ടർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട നഗരസഭ സെക്രട്ടറി മുംതാസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ സാബു, സിവിൽ ഡിഫൻസ് പോസ്റ്റുവാർഡൻ സ്മിത എം നായർ, ഫിലിപ്പോസ് മത്തായി, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ അശ്വിൻ കെ മോഹൻ എന്നിവർ സംസാരിച്ചു. സിവിൽ ഡിഫൻസിന്റെ മികച്ച കോർഡിനേറ്റർക്കുള്ള പുരസ്കാരം പോസ്റ്റ് വാർഡൻ സ്മിത എം നായർക്കും, ജില്ലയിലെ മികച്ച വോളണ്ടിയർക്കുള്ള പുരസ്കാരം ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ഷൈജു മോനും സബ് കളക്ടർ സമ്മാനിച്ചു.

കഴിഞ്ഞ 11 മുതൽ വ്യത്യസ്ത രീതികളിലായി 96 വോളണ്ടിയർമാരാണ് ഏഴുദിവസം നീളുന്ന പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. പത്തനംതിട്ട നിലയ പരിധിയിൽ ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും ഫസ്റ്റ് റെസ്പോണ്ട്സ് എന്ന നിലയിൽ ദ്രുതഗതിയിൽ പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് അംഗങ്ങൾ സജ്ജരാണെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. പരിശീലനത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് ദിനബത്തെയും ഭക്ഷണവും സർക്കാർ അനുവദിച്ചു നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *