ആലപ്പുഴ – ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. നാരകത്രമുട്ട് 10-ാം നമ്പർ എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് എത്തിച്ച കൊടിക്കൂറയിൽ ചമയകൊടിയേറ്റ് നടന്നു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ തൃകൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു.

ഇന്ന് രാവിലെ 9 മണിക്ക് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. 19 ന് പ്രസിദ്ധമായ നാരീപൂജ നടക്കും. രാവിലെ 9.30 ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശീമാട്ടി സിഇഒ ബീനാ കണ്ണൻ്റെ പദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും. നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.


26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.
പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് ക്ഷേത്ര തിരു ഉത്സവ കമ്മറ്റിയും ക്ഷേത്ര ട്രെസ്റ്റും നേത്യത്വം വഹിക്കും.


