കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി ; ശുദ്ധ ജലക്ഷാമം രൂക്ഷം.

Kerala Alappuzha
Print Friendly, PDF & Email

എടത്വ: കലിതുള്ളിയെത്തിയ കാലവർഷം കുട്ടനാടിനെ മുക്കിയെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് മുതൽ മഴയ്ക്ക് ശമനം ഉണ്ടായ തുമൂലം ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ കുത്തൊഴുക്കിലും കുട്ടനാട് മേഖലയിലെ ജലനിരപ്പ് അപകട നിലയിൽ എത്തിയിരുന്നു. പമ്പാ,മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.മിക്ക പഞ്ചായത്തിലും ആരംഭിച്ച ദുരിതാശ്വസ ക്യാമ്പിൽ നിരവധി കുടുംബങ്ങളാണ് എത്തിയത്.നൂറുകണക്കിന് കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടി.കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേയ്ക്ക് ഒഴിഞ്ഞു പോകാനുള്ള കാലതാമസമാണ് ജനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാഞ്ഞത്. മഴയുടെ തീവ്രത കുറഞ്ഞതിനാൽ ജലനിരപ്പ് കാര്യമായി കുറയുമെന്നാണ് കുട്ടനാട്ടുകാരുടെ പ്രത്യാശ. തോട്ടപ്പള്ളി പൊഴി മുറിക്കൽ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് അപ്പർ കുട്ടനാട്ടിലെ ജലനിരപ്പിന് മാറ്റമില്ലാതെ തുടരുന്നത്.

മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തിലാണ് കാര്യമായ ദുരിതം നേരിടേണ്ടി വന്നത്. കാലവർഷം എത്തും മുൻപേ വീശിയടിച്ച ശക്തമായ കാറ്റിൽ അപ്പർ കുട്ടനാട്ടിൽ നൂറിലേറെ വീടുകൾ തകർന്നിരുന്നു. 25 ഓളം വീടുകൾ താമസ യോഗ്യമല്ലാത്ത നിലയിലുമായി.

കിണറുകളിൽ മലിനജലം ഉറവയായി ഇറങ്ങിയത് മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ഈ പ്രദേശങ്ങളിൽ അനുഭവിക്കുന്നത്. ഇവരുടെ ഏക ആശ്രയം മഴ വെള്ളം ആണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള ശുദ്ധ ജലം വിതരണം ചെയ്യുന്നതിന് അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *