മെറീനയെ യാത്രയയ്ക്കാൻ ഷാനോ ആശുപത്രിയിൽ നിന്നും എത്തി, നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര

Alappuzha
Print Friendly, PDF & Email

തലവടി:  മെറീനയെ യാത്രയയ്ക്കാൻ ഷാനോ കെ ശാന്തപ്പൻ ആശുപത്രിയിൽ നിന്നും എത്തി,നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര.” ലോകെ ഞാനെൻ ഓട്ടം തികച്ചു…….” എന്ന ഇഷ്ടഗാനം ആലപിച്ച് മെറീനയെ (27) പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി.

ബുധനാഴ്ച വൈകിട്ട് 8ന് കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ ഭാര്യ മെറീനയുടെ അവസാന യാത്ര റാന്നി – തലവടി ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി.ഒരു ആംബുലൻസിൽ മെറീനയുടെ ചേതനയറ്റ ശരീരവും,മറ്റൊരു ആംബുലൻസിൽ ഷാനോയും എത്തിയപ്പോൾ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ കൊണ്ട് ഏവരുടെയും കാഴ്ച അല്പസമയത്തേക്ക് മറച്ചു.

വെള്ളിയാഴ്ച രാവിലെ 7ന് ആരംഭിച്ച പൊതുദർശനം ഉൾപ്പെടെ ഉള്ള സംസ്ക്കാര ശുശ്രൂഷകൾ ഏകദേശം 10 മണിക്കൂർ നീണ്ടു.റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ റെജിയുടെയും, മേരിക്കുട്ടി റെജിയുടെയും മൂത്ത മകൾ മെറീന ഷാനോയുടെ മൃതദേഹം വെള്ളിയാഴ്‌ച രാവിലെ 8 മണി മുതൽ 11മണി വരെ കുടുംബ വസതിയിൽ പൊതു ദർശനത്തിന് വച്ചു. തുടർന്ന് മൃതദേഹം വിലാപ യാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ വസതിയിൽ എത്തിച്ചു.

മണിക്കൂറുകൾ കാത്ത് നിന്നാണ് മെറീനയുടെ മൃതദേഹത്തിനരികിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാൻ സാധിച്ചത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉൾപ്പടെ രാഷ്ടീയ സാംസ്കാരിക സാമൂഹിക സഭാ രംഗത്തെ പ്രമുഖർ ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഭവനത്തിൽ നിന്നും തലവടി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിലേക്ക് ഉള്ള വിലാപയാത്രയിലും നൂറ് കണക്കിന് വാഹനങ്ങളിൽ നാടിന്റെ വിവിധ കോണുകളിൽ നിന്നും ജനങ്ങൾ എത്തി. മെറീനയുടെ മൃതദേഹം സംസ്ക്കാരത്തിനായി കൊണ്ടു പോയതിന് തൊട്ടുപിന്നാലെ ഷാനോയെ മറ്റൊരു ആംബുലൻസിൽ എടത്വയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് മെറീന യ്ക്ക് അപകടം സംഭവിച്ചത്‌. അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭർത്താവ് ഷാനോ കെ ശാന്തപ്പനുമായി ബൈക്കിൽ വരുമ്പോൾ കെഎസ്ആർടിസി ബസ് തട്ടിയാണ് മരണപെട്ടത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

✒️ ഡോ.ജോൺസൺ വി.ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *