ന്യൂഡൽഹി – അഞ്ചാം ദിവസവും ഇൻഡിഗോ വിമാനക്കമ്പനി പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയ്ക്ക് പുറത്തുവരുന്ന കണക്കുകളനുസരിച്ച് രാജ്യവ്യാപകമായി 550-ലധികം വിമാന സർവ്വീസുകൾ റദ്ദാക്കി. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടി ആസൂത്രണം ചെയ്ത സർവീസുകൾ റദ്ദാക്കുകയാണെന്നാണ് ഇൻഡിഗോ നൽകുന്ന വിവരം. സംഭവത്തിൽ രാജ്യത്തെ പല ഭാഗങ്ങളിലും യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് മാത്രമാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടത്. ഇത് അവിടെ നിന്നുള്ള അയ്യപ്പന്മാരെ വലച്ചു. എല്ലാവരും ഇപ്പോഴും വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ് .
Most of the services operated by Indigo have been either delayed or cancelled . It’s an evolving issue since Wednesday evening. Please tune in to the CIAL website (www.cial.aero) or mobile app and resort to the flight information display for the status updates!
വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തിൽ 118 വിമാനങ്ങളും ബെംഗളൂരുവിൽ 100 വിമാനങ്ങളും ഹൈദരാബാദിൽ 75 വിമാനങ്ങളും കൊൽക്കത്തയിൽ 35 വിമാനങ്ങളും ചെന്നൈയിൽ 26 വിമാനങ്ങളും ഗോവയിൽ 11 വിമാനങ്ങളും റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. റദ്ദാക്കലുകൾ തുടർന്നേക്കുമെന്നാണ് വിവരം.
അതിനിടെ, അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ അറിയിച്ചു. ഇൻഡിഗോ രാജ്യത്ത് പ്രതിദിനം ഏകദേശം 2,300 സർവീസുകൾ നടത്തുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ 60 ശതമാനവും ഇൻഡിഗോയുടേതാണ്.
വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോ ഉദ്യോഗസ്ഥരെ സന്ദർശിച്ചിട്ടുണ്ടെന്നും വിഷയം പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും സർവീസുകൾ കൃത്യസമയത്ത് പുനസ്ഥാപിക്കുന്നതും എളുപ്പമല്ലെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് ജീവനക്കാരോട് പറഞ്ഞു.
കോടതി നിർദേശത്തെത്തുടർന്ന് നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസ്സങ്ങൾക്ക് കാരണമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം നടപ്പിലാക്കിയതിനുശേഷം, ആവശ്യമായ ജീവനക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി എയർലൈൻ വ്യക്തമാക്കി. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡത്തിൽ ഇൻഡിഗോ ഇളവ് തേടിയിട്ടുണ്ട്. രാത്രി ലാൻഡിങ്ങിന് പൈലറ്റുമാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് തേടിയത്. ഇൻഡിഗോയുടെ ആവശ്യം പരിഗണനയിലാണ് എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി സമാനമായിട്ടുള്ള പ്രതിസന്ധികൾ തുടരുമെന്നുള്ള സൂചയുണ്ട്.
ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് ഇന്ത്യയുടെ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) . പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്യൂട്ടി ഷെഡ്യൂളുകൾ, രാത്രി ലാൻഡിങ് ക്രമീകരണം, പ്രതിവാര വിശ്രമ ചാർട്ടുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വിമാനസർവീസ് ശൃംഖലകളിൽ ഒന്നായ ഇൻഡിഗോ, പ്രതിദിനം 2,200-ലധികം വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്.
പുതിയ റോസ്റ്റർ നിയമമനുസരിച്ച് ഒരു പൈലറ്റിന് ഒരു നിശ്ചിത കാലയളവിൽ ചെയ്യാൻകഴിയുന്ന രാത്രി ലാൻഡിങ്ങുകളുടെ എണ്ണം ആറിൽനിന്ന് രണ്ടായി കുറച്ചിരുന്നു. രാത്രികാല പ്രവർത്തനങ്ങളെ ആശ്രയിക്കുന്ന വിമാനക്കമ്പനികക്ക് ഇത് തിരിച്ചടിയാവുകയായിരുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ കർശനമായ നടപടിയുണ്ടാകും എന്ന മുന്നറിയിപ്പുള്ളതിനാൽ വിമാനക്കമ്പനികൾ മുൻകരുതലുകളെടുക്കാൻ നിർബന്ധിതരായി.
പുതിയ മാനദണ്ഡങ്ങൾ എല്ലാ എയർലൈനുകളിലും ബാധകമാണെങ്കിലും ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ ഭൂരിഭാഗവും ഇൻഡിഗോയുടെ നിയന്ത്രണത്തിലായതിനാലാണ് കമ്പനിക്ക് വലിയ പ്രതിസന്ധിയുണ്ടായത്. റോസ്റ്ററുകൾ യഥാസമയം പുനഃക്രമീകരിച്ചപ്പോൾ ജീവനക്കാരുടെ അപര്യാപ്തത തിരിച്ചടിയാവുകയായിരുന്നു.


