പി.വി അൻവർ കടുവയെ പഠിപ്പിക്കുമോ ? സുപ്രീംകോടതിയിൽ രസകരമായ വാദം ,

India Kerala
Print Friendly, PDF & Email

ന്യൂഡൽഹി – മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മപരിപാടി തയ്യാറാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ സുപ്രീംകോടതിയിലെ ആവശ്യത്തിൽ വിസമ്മതിച്ചു കോടതി. മനുഷ്യ – വന്യജീവി സംഘർഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിങ്ങൾ കടുവയെ പഠിപ്പിക്കാൻ പോകുകയാണോയെന്നും പി.വി അൻവറിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.

കർമ്മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നായിരുന്നു അൻവറിന്റെ ഹർജിയിലെ ആവശ്യം. എന്നാൽ, ഇതിനോടകംതന്നെ കർമ്മ പരിപാടി രൂപവത്കരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് നയത്തിന്റെയും പരിപാടികളുടെയും അഭാവമല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിലുള്ള പോരായ്മയാണ് പ്രശ്‌നത്തിന് കാരണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇന്നും ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അൻവറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ത് ബസന്തും, അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും ചൂണ്ടിക്കാട്ടി. എന്നാൽ, താൻ വരുന്ന സംസ്ഥാനത്തും ഇതേ പ്രശ്‌നനങ്ങളുണ്ടെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സുധാൻഷു ധുലിയ പറഞ്ഞു. എല്ലാ സംസ്ഥാനത്തും പ്രശ്‌നമുണ്ട്. ഓരോ സംസ്ഥാനത്തെ പ്രശ്‌നത്തിനും വ്യത്യസ്ത കാരണമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *